സഹതാരങ്ങളുടെ പരിക്ക് തന്നെ ആശങ്കപ്പെടുത്തുന്നു; ലയണൽ മെസി
Football
സഹതാരങ്ങളുടെ പരിക്ക് തന്നെ ആശങ്കപ്പെടുത്തുന്നു; ലയണൽ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th October 2022, 9:02 pm

അടുത്ത മാസം ഖത്തറിൽ ലോകകപ്പ് നടക്കാനിരിക്കുമ്പോൾ സഹ താരങ്ങൾക്ക് പരിക്കേറ്റതിന്റെ ആശങ്കയിലാണ് അർജന്റീന സ്‌ട്രൈക്കറും പി.എസ്.ജിയുടെ സൂപ്പർതാരവുമായ ലയണൽ മെസി. അന്താരാഷ്ട്ര ടീമംഗങ്ങളായ എയ്ഞ്ചൽ ഡി മരിയക്കും പൗലോ ഡിബാലക്കും പരിക്കേറ്റതിനെ തുടർന്നാണ് താരം ആശങ്ക പ്രകടിപ്പിച്ചത്.

ലോകകപ്പ് അടുക്കുമ്പോൾ കളിക്കാർക്ക് പരിക്കേൽക്കുന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും ഏതൊരു അന്താരാഷ്ട്ര ടൂർണമെന്റിനും മുമ്പ് പരിക്കിന്റെ സാധ്യത ഭയപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”അവർ രണ്ടുപേരും സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോകകപ്പിന് മുമ്പ് സുഖം പ്രാപിക്കാൻ ധാരാളം സമയമുണ്ട്. ഞങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യത്തോടെ അവിടെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ മെസി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മസിൽ ഇഞ്ച്വറി മൂലം ഡി മരിയ കളം വിട്ടത്. അത് യുവന്റസിനെയും അർജന്റീനയെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ എല്ലാർക്കും ആശ്വാസം നൽകി കൊണ്ട് കഴിഞ്ഞ ദിവസമാണ് താരത്തിന്റെ മെഡിക്കൽ പരിശോധന ഫലങ്ങൾ യുവന്റസ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഡി മരിയ വ്യാഴാഴ്ച സ്‌കാനിങ്ങിന് വിധേയനാവുമെന്നും 20 ദിവസത്തെ വിശ്രമത്തിന് ശേഷം കളത്തിലിറങ്ങാൻ കഴിയുമെന്നുമാണ് യുവന്റസ് അറിയിച്ചത്.

അതേസമയം ഡിബാലയുടെ തുടക്ക് പരിക്കേറ്റതിനാൽ നവംബർ-ഡിസംബർ മാസങ്ങളിൽ താരത്തിന് ഖത്തറിൽ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് പാരീസ് സെന്റ് ഷെർമാങ്ങിന്റെ രണ്ട് മത്സരങ്ങൾ മെസിക്കും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഞായറാഴ്ച ഒളിംപിക് ഡി മാഴ്സെ്ക്കെതിരെ നടന്ന മത്സരത്തിൽ കളിക്കാൻ മെസി യോഗ്യത നേടി.

നവംബർ 22ന് ഖത്തറിൽ മെക്‌സിക്കോയെയും പോളണ്ടിനെയും നേരിടുന്നതിന് മുമ്പ് ആദ്യ ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന സൗദി അറേബ്യയെ നേരിടും. അർജന്റീനക്കായി 164 മത്സരങ്ങളിൽ നിന്ന് 90 ഗോളുകളാണ് മെസി നേടിയത്.

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും താരം പി.എസ്.ജിക്കായി നേടി. അർജന്റീനക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പാണ് ഇത്.

Content Highlights: Messi worried by Dybala and Di Maria injuries ahead of World Cup