| Sunday, 8th January 2023, 10:47 am

തുടർച്ചയായി മൂന്ന് പ്രമുഖ കായിക പുരസ്കാരങ്ങൾ; മെസിക്ക് എതിരാളികളില്ലെന്ന് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മെസി.

ലോകകപ്പിൽ മുത്തമിട്ട് തന്റെ കരിയർ സമ്പൂർണമാക്കിയതിന് പിന്നാലെ അടുത്തടുത്തായി മൂന്ന് പുരസ്കാരങ്ങളാണ് മെസി സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിന് ശേഷം പ്രഖ്യാപിച്ച ഗോൾഡൻ ഫൂട്ട് പുരസ്കാരമൊഴികെയുള്ള പ്രധാനപ്പെട്ട പുരസ്കാരങ്ങളെല്ലാം നേടാൻ മെസിക്കായി.

ഐ.എഫ്.എഫ്.എച്ച്.എസിന്റെ ഒരു കലണ്ടർ വർഷത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും, മികച്ച രാജ്യാന്തര ഗോൾ വേട്ടക്കാരനുള്ള പുരസ്കാരവും മെസി അടുത്തിടെ നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ അവാർഡും മെസി കരസ്ഥമാക്കിയത്.

എന്നാൽ ഇതിന്റെ തൊട്ട് പിന്നാലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട പുരസ്കാരവും മെസിയെ തേടിയെത്തിയിരിക്കുകയാണ്.

ഐ.എഫ്.എഫ്.എച്ച്.എസിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ഗോളടി മികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ മെസിയിപ്പോൾ അവരുടെ തന്നെ ഒരു കലണ്ടർ വർഷത്തിലെ മികച്ച പ്ലേമേക്കർക്കുള്ള അവാർഡും സ്വന്തമാക്കിയിരിക്കുകയാണ്.

2020, 2021 വർഷങ്ങളിൽ ഈ അവാർഡ് സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയത്തിന്റെയും സൂപ്പർ താരമായ കെവിൻ ഡി ബ്രൂയ്നായിരുന്നു.

ഇത്തവണ മൂന്നാം സ്ഥാനത്താണ് ഡി ബ്രൂയ്ന്റെ സ്ഥാനം. ക്രൊയേഷ്യയുടെ സൂപ്പർ താരം ലൂക്ക മോഡ്രിച്ചാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു വന്നിരിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിന്റെയും കണക്കുകളുടെയും സൂക്ഷിപ്പുകാരായ ഐ.എഫ്.എഫ്.എച്ച്.എസിന്റെ ആസ്ഥാനം ജർമനിയിലാണ്.

ഗോളുകൾ നേടുന്നതിനൊപ്പം അസിസ്റ്റുകൾ നൽകുന്നതിൽ മെസിക്കുള്ള മികവ് കൂടി പരിഗണിച്ചാണ് ഈ പുരസ്കാരം മെസി സ്വന്തമാക്കിയത്. അഞ്ചാം തവണയാണ് മികച്ച പ്ലേമേക്കർക്കുള്ള ഈ പുരസ്കാരം മെസിയെ തേടി വരുന്നത്.

ഇതോടെ നാലു തവണ ഈ അവാർഡ് നേടിയ സാവിയുടെ റെക്കോഡിനെ മെസി മറികടന്നു. 2007 മുതൽ 2011 വരെയുള്ള വർഷങ്ങളിലാണ് സാവി ഈ അവാർഡ് നേടിയത്. മെസി 2015, 2016, 2017, 2019 വർഷങ്ങളിലാണ് മുമ്പ് ഈ പുരസ്കാരം സ്വന്തമാക്കിയത്.

170 പോയിന്റ് നേടിയാണ് മികച്ച പ്ലേമേക്കർക്കുള്ള പുരസ്കാരം മെസി നേടിയത്. രണ്ടാം സ്ഥാനത്ത് വന്ന മോഡ്രിച്ച് 115 പോയിന്റും കെവിൻ ഡി ബ്രൂയ്ൻ 40 പോയിന്റും സ്വന്തമാക്കി.

മൊത്തം പതിമൂന്ന് തവണയാണ് ഐ.എഫ്.എഫ്.എച്ച്.എസിന്റെ അവാർഡുകൾ മെസി സ്വന്തമാക്കുന്നത്. എട്ട് തവണ വിവിധ ഐ.എഫ്.എഫ്.എച്ച്. എസ് അവാർഡുകൾ സ്വന്തമാക്കിയ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: messi won Three major football awards; Fans say that Messi has no rivals

We use cookies to give you the best possible experience. Learn more