|

ആഴ്‌സണലിനെതിരെയുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് റൂണി; പട്ടികയില്‍ മെസിയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ജൂലൈയില്‍ ഇന്റര്‍ മിയാമിയുടെ ജേഴ്സിയണിയുന്ന ലയണല്‍ മെസി പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണലുമായി ഏറ്റുമുട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന മാസം ആഴ്സണല്‍ തങ്ങളുടെ പ്രീ സീസണില്‍ എ.എസ്. മൊണാക്കോ, എഫ്.സി നേണ്‍ബര്‍ഗ്, ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എം.എല്‍.എസ്. ഓള്‍ സ്റ്റാര്‍സ് എന്നീ ക്ലബ്ബുകളായി ഏറ്റുമുട്ടും.

വെയ്ന്‍ റൂണി മാനേജ് ചെയ്യുന്ന എം.എല്‍.എസ് ഓള്‍ സ്റ്റാഴ്സ് ജൂലൈ 20ന് വാഷിങ്ടണ്‍ ഡി.സിയില്‍ ആഴ്സണലുമായി ഏറ്റുമുട്ടും. മെസിയും ടീമിന്റെ ഭാഗമായിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ റൂണി പ്രഖ്യാപിച്ച എം.എല്‍.എസ് ഓള്‍ സ്റ്റാര്‍ ടീമില്‍ മെസിയില്ല. താരങ്ങളുടെയും ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വോട്ടടിസ്ഥാനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മെസി ഇന്റര്‍ മിയാമി ജേഴ്‌സിയില്‍ തന്നെയാണ് അരങ്ങേറ്റം നടത്തുക എന്നാണ് ഇതോടെ വ്യക്തമാകുന്നത്. അതേസമയം, മറ്റൊരു അര്‍ജന്റൈന്‍ സൂപ്പര്‍താരമായ തിയാഗോ അല്‍മേഡ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Messi won’t play with MLS all stars against Arsenal