ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റ മത്സരം വൈകും; കാരണം വ്യക്തമാക്കി ഡേവിഡ് ബെക്കാം
Football
ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റ മത്സരം വൈകും; കാരണം വ്യക്തമാക്കി ഡേവിഡ് ബെക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 6:59 pm

മേജര്‍ സോക്കര്‍ ലീഗായ ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം വൈകുമെന്ന് ക്ലബ്ബ് ഉടമയും ഇംഗ്ലണ്ട് ഇതിഹാസവുമായ ഡേവിഡ് ബെക്കാം. മെസിയുടെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായുണ്ടെന്നും മയാമിയിലെത്തിയതിന് ശേഷം പരിശീലനത്തിന് മതിയായ സമയം ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ താരം പങ്കെടുക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

‘മെസി മത്സരത്തിനിറങ്ങുമോയെന്നും ഇറങ്ങിയാല്‍ തന്നെ എത്ര നേരം കളത്തില്‍ ചെലവഴിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല. കാരണം, അദ്ദേഹത്തിന് തയ്യാറെടുക്കാന്‍ സമയം വേണ്ടി വന്നേക്കാം. മയാമിയില്‍ എത്തിയതിന് ശേഷം വെക്കേഷനില്‍ ആയിരുന്നതിനാല്‍ പരിശീലനത്തിന് മെസിക്ക് മതിയായ സമയം ലഭിച്ചിട്ടില്ല.

അദ്ദേഹം തയ്യാറാകുന്നത് വരെ നമ്മള്‍ കാത്തിരിക്കണം, അദ്ദേഹത്തെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കണോ എന്ന കാര്യം മെസി തീരുമാനിച്ചറിയിക്കും. ഇവിടുത്തെ അന്തരീക്ഷം അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നും മെസിക്ക് വിജയിക്കാനാകുമെന്നുമാണ് പ്രതീക്ഷ,’ ബെക്കാം പറഞ്ഞു.

ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ മെസി ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം ട്രെയ്നിങ് സെഷനില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. മെസിക്ക് പുറമെ ബാഴ്സയിലെ തന്റെ സഹതാരമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും ഇന്റര്‍ മയാമിയിലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പം പ്രാക്ടീസ് സെഷനില്‍ പങ്കെടുത്തിരുന്നു.

മേജര്‍ ലീഗ് സോക്കര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മെസിയുടെയും സഹതാരങ്ങളുടെയും പ്രാക്ടീസ് വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ വീഡിയോ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെയുള്ള മെസിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താന്‍ ഇവിടെയെത്തിയത് വിജയിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും വേണ്ടിയാണെന്നാണ് മെസി പറഞ്ഞത്. ലിയോയുടെ വാക്കുകളെ ഉദ്ധരിച്ച് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇവിടെയെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ഇവര്‍ക്കൊപ്പം ട്രെയ്‌നിങ്ങിനും കളത്തിലിറങ്ങാനും ഇനിയെനിക്ക് കാത്തിരിക്കാന്‍ സാധിക്കില്ല. മത്സരിക്കാനും ജയിക്കാനും എപ്പോഴത്തേയുമെന്ന പോലെ ടീമിനെ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ഏറെ ആസ്വദിക്കും,’ മെസി പറഞ്ഞു.

Content Highlights: Messi won’t play with Inter Miami on Friday