ഗോൾഡൻ ബൂട്ട് അടക്കം എല്ലാം നേടി പക്ഷെ ഇത്തവണയും മെസിക്ക് ഗോൾഡൻ 'ഫൂട്ട്' അവാർഡില്ല
2022 FIFA World Cup
ഗോൾഡൻ ബൂട്ട് അടക്കം എല്ലാം നേടി പക്ഷെ ഇത്തവണയും മെസിക്ക് ഗോൾഡൻ 'ഫൂട്ട്' അവാർഡില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 11:46 pm

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങുമ്പോൾ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപ്പിച്ച് ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന.

1978നും 1986നും ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയ അർജന്റൈൻ ടീം മെസിയുടെ തോളിലേറിയാണ് ആ സ്വപ്നകിരീടത്തിൽ മുത്തമിട്ടത്.

ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ സാക്ഷാൽ മിശിഹയുടെ കരിയർ സമ്പൂർണമായിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തോടെ ക്ലബ്ബ്, ഇന്റർനാഷണൽ കരിയറിലെ പ്രധാനപ്പെട്ട ടൈറ്റിലുകളെല്ലാം മെസി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഖത്തർ ലോകകപ്പിൽ നിന്നും ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും അടക്കം സ്വന്തമാക്കി മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് മെസി. ഖത്തറിൽ ഗോൾഡൻ ബോൾ നേടാൻ സാധിച്ചതോടെ രണ്ട് ഗോൾഡൻ ബോൾ പുരസ്കാരങ്ങൾ തന്റെ പേരിൽ കരസ്ഥമാക്കാൻ മെസിക്കായി.

കൂടാതെ 2023ലെ ബാലൻ ഡി ഓർ അവാർഡ് നേടാനും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേര് സാക്ഷാൽ ലയണൽ മെസിയുടെതാണ്. അങ്ങനെയെങ്കിൽ എട്ട് ബാലൻ ഡി ഓർ പുരസ്കാരവുമായി മെസി ബാലൻ ഡി ഓർ പുരസ്കാരങ്ങളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ്‌ കരസ്ഥമാക്കും.

എന്നാൽ ഇത്രയൊക്കെ പുരസ്കാരങ്ങൾ നേടിയിട്ടും മെസിക്ക് സ്വന്തമാക്കാൻ സാധിക്കാത്ത ഒരു ബഹുമതിയാണ് ‘ഗോൾഡൻ ഫൂട്ട്’ പുരസ്കാരം.

ഒരു വർഷത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 28 വയസ് കഴിഞ്ഞ നിലവിൽ കളിക്കുന്ന ഫുട്ബോൾ താരത്തിന് നൽകുന്ന ഒരു എലൈറ്റ് പുരസ്കാരമാണ് ഗോൾഡൻ ഫൂട്ട് പുരസ്കാരം.

ഒരു താരത്തിന് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ ഈ പുരസ്കാരം ലഭിക്കുകയുള്ളൂ. രാജ്യാന്തര ജേർണലിസ്റ്റുകൾ തെരഞ്ഞെടുത്ത പത്ത് താരങ്ങളിൽ നിന്നും ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് ഈ പുരസ്കാരത്തിനുള്ള വിജയിയെ കണ്ടെത്തുന്നത്. വിജയിയുടെ കാൽപാടുകൾ എന്നെന്നേക്കുമായി മൊണൊക്കോയിലെ ‘ദി ചാമ്പ്യൻ പ്രോമിനൈഡിൽ’ പ്രദർശിപ്പിക്കും.

2003 മുതലാണ് ഈ പുരസ്കാരം നൽകാൻ ആരംഭിച്ചത്. 2022ലെ ഗോൾഡൻ ഫൂട്ട് അവാർഡ് സ്വന്തമാക്കിയത് റോബർട്ടോ ലെവൻഡോസ്കിയാണ്. 2021ൽ മൊഹമ്മദ്‌ സലാ ഈ പുരസ്കാരത്തിനർഹനായപ്പോൾ 2020ൽ പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോക്കാണ് ഗോൾഡൻ ഫൂട്ട് പുരസ്കാരം ലഭിച്ചത്.

35 വയസുകാരനായ മെസിക്ക് പുരസ്കാരത്തിന് മത്സരിക്കാൻ യോഗ്യത നേടി ഏഴ് വർഷമായിട്ടും ഗോൾഡൻ ഫൂട്ട് നേടാൻ സാധിച്ചിട്ടില്ല.

അതേസമയം ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിനാൽ മെസി ഉടൻ പാരിസ് ക്ലബ്ബായ പി.എസ്.ജിക്കൊപ്പം ചേരും. ആറ് മാസം കൂടി ക്ലബ്ബുമായി കരാർ ഉള്ള മെസി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് താരം എംബാപ്പെ ബ്രസീൽ താരം നെയ്മർ എന്നിവർക്കൊപ്പമാണ് നെയ്മർ പി.എസ്.ജിയിൽ കളിക്കുക.

എന്നാൽ മറ്റൊരു ഇതിഹാസ താരമായ പോർച്ചുഗലിന്റെ റൊണാൾഡോ സൗദി ക്ലബ്ബ് അൽ-നാസറിൽ ചേർന്നെക്കുമെന്നാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

 

Content Highlights:messi won everything, including the Golden Boot, but he did not have the Golden ‘Foot’ award