| Sunday, 20th August 2023, 9:54 am

മെസി@44; അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് കിരീടം ചൂടിയിരിക്കുന്നു; അയാള്‍ രാജാവാണ്... ഒരേയൊരു രാജാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മയാമി ജേഴ്‌സിയില്‍ ആദ്യ കിരീടം ചൂടി ലയണല്‍ മെസി. ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ കരുത്തരായ നാഷ്‌വില്ലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും കിരീടം നേടിയത്. ഇന്റര്‍ മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്.

മത്സരത്തിന്റെ നിശ്ചിത സമയത്തും അഡീഷണല്‍ സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇരു ടീമിലെയും 11 താരങ്ങളും കിക്കെടുത്ത മത്സരത്തില്‍ 10-9ന് വിജയിച്ചാണ് ഹെറോണ്‍സ് കിരീടമണിഞ്ഞത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. നാഷ്‌വില്ലിന്റെ കത്രികപ്പൂട്ട് തകര്‍ത്ത് വിന്റേജ് മെസിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ആ ഗോള്‍ നേട്ടം. പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് നാഷ്‌വില്‍ പോസ്റ്റില്‍ തുളഞ്ഞു കയറി.

ലീഡ് ഉയര്‍ത്താന്‍ മയാമിയും ഗോള്‍ മടക്കാന്‍ നാഷ്‌വില്ലും പൊരുതിക്കളിച്ചപ്പോള്‍ ഹോം ടീം അപ്പര്‍ഹാന്‍ഡ് നേടി. മത്സരത്തിന്റെ 57ാം മിനിട്ടില്‍ ഫാഫേ പികൗള്‍ട്ടിലൂടെ നാഷ്‌വില്‍ ഈക്വലൈസര്‍ ഗോള്‍ നേടി.

ഒടുവില്‍ നെയ്ല്‍ ബൈറ്റിങ് ഫിനിഷില്‍ മയാമി ലീഗ് കപ്പുയര്‍ത്തുകയായിരുന്നു.

ഈ കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും മെസിയെ തേടിയെത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഇന്‍ഡിവിജ്വല്‍ ട്രോഫികള്‍ നേടിയ താരം എന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. താരത്തിന്റെ 44ാമത് കിരീടനേട്ടമാണിത്.

ലാ ലിഗ കിരീടവും ചാമ്പ്യന്‍സ് ട്രോഫിയും ക്ലബ്ബ് വേള്‍ഡ് കപ്പും അടക്കം ബാഴ്‌സലോണക്കൊപ്പം 35 കിരീടം നേടിയ മെസി ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും അടക്കം അഞ്ച് കിരീടങ്ങളാണ് അര്‍ജന്റൈന്‍ നാഷണല്‍ ടീമിനൊപ്പം കൈപ്പിടിയിലൊതുക്കിയത്.

പാരീസ് സെന്റ് ഷെര്‍മാങ്ങിനൊപ്പം മൂന്ന് കിരീടം നേടിയ മെസി തന്റെ ടൈറ്റില്‍ പോര്‍ട്‌ഫോളിയോയിലേക്ക് മറ്റൊരു അധ്യായം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

മെസിയെ കാത്ത് മറ്റൊരു കിരീട നേട്ടവും കയ്യകലത്തുണ്ട്. കേവലം രണ്ടേ രണ്ട് മത്സരം വിജയിച്ചാല്‍ യു.എസ്. ഓപ്പണ്‍ കപ്പും തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ മെസിക്ക് സാധിക്കും.

ഓഗസ്റ്റ് 24ന് നടക്കുന്ന യു.എസ്. ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ മത്സരമാണ് ഇനി മെസിക്ക് മുമ്പിലുള്ളത്. മേജര്‍ ലീഗ് സോക്കറിലെ കരുത്തരായ സിന്‍സിനാട്ടിയാണ് എതിരാളികള്‍. സിന്‍സിനാട്ടിയുടെ ഹോം സ്‌റ്റേഡിയമായ ഒഹായോയിലെ ടി.ക്യു.എല്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Messi wins 44th individual trophy

Latest Stories

We use cookies to give you the best possible experience. Learn more