| Sunday, 14th July 2024, 10:32 am

ഹാമിഷ് റോഡ്രിഗസിനെ വീഴ്ത്തിയാല്‍ മെസിക്ക് 45; ചരിത്രത്തില്‍ ഒരുത്തനുമില്ലാത്ത നേട്ടത്തിലെത്താന്‍ വേണ്ടത് ഒറ്റ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരത്തിനാണ് അര്‍ജന്റീന കച്ചമുറുക്കുന്നത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹാമിഷ് റോഡ്രിഗസിന്റെ കരുത്തരായ കൊളംബിയയാണ് എതിരാളികള്‍. സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീലിനെ തകര്‍ത്ത് ചൂടിയ കിരീടം നിലനിര്‍ത്താനുറച്ചാണ് മെസിപ്പട കളത്തിലിറങ്ങുന്നത്.

ഈ ഫൈനല്‍ വിജയിച്ചാല്‍ മെസിയുടെ പേരില്‍ 45ാം കിരീടനേട്ടമാണ് കുറിക്കപ്പെടുക. കരിയറില്‍ ഇതുവരെ നാല് ടീമുകള്‍ക്കായി കളിച്ച് 44 കിരീടം നേടിയ മെസി, അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ മറ്റൊരു കിരീടനേട്ടമാണ് ലക്ഷ്യമിടുന്നത്.

താന്‍ പന്തുതട്ടി കളിയടവ് പഠിച്ച ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണയാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം കിരീടവുമായി പോഡിയത്തിലേറിയത്.

ദേശീയ ടീമിനൊപ്പമാണ് മെസി ശേഷം ഏറ്റവുമധികം കിരീടം നേടിയത്. അഞ്ചെണ്ണം. ഖത്തര്‍ ആതിഥേയരായ 2022 ലോകകപ്പും ബ്രസീലിനെ വീഴ്ത്തി കഴിഞ്ഞ കോപ്പ അമേരിക്ക കിരീടവും അസൂറികളെ തോല്‍പ്പിച്ച് ഫൈനലിസിമ കിരീടവും മെസി അര്‍ജന്റീനയെ ചൂടിച്ചു.

പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ നേടിയ മെസി ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടവും ചൂടിച്ച് മറ്റൊരു ട്രോഫിയും തന്റെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.

ഇന്റര്‍ മയാമിക്കൊപ്പമാണ് മെസി തന്റെ അവസാന കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ കരുത്തരായ നാഷ്‌വില്ലിനെ പരാജയപ്പെത്തുയാണ് ഹെറോണ്‍സ് കിരീടം ചൂടിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു മയാമിയുടെ വിജയം.

മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഗോള്‍ കീപ്പര്‍മാരടക്കം ഇരു ടീമിലെയും 11 താരങ്ങളും കിക്കെടുത്ത മത്സരത്തില്‍ 10-9ന് വിജയിച്ചാണ് ഹെറോണ്‍സ് കിരീടമണിഞ്ഞത്.

പെനാല്‍ട്ടി ഷൂട്ടൗട്ട്

ഇന്റര്‍ മയാമി – ✔️✔️✔️✔️✔️ ❌ ✔️✔️✔️✔️✔️

നാഷ്‌വില്‍ – ✔️ ❌ ✔️✔️✔️✔️✔️✔️✔️✔️ ❌

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. നാഷ്‌വില്ലിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് വിന്റേജ് മെസിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ആ ഗോള്‍ നേട്ടം. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് നാഷ്‌വില്‍ പോസ്റ്റില്‍ തുളഞ്ഞു കയറി.

ലീഡ് ഉയര്‍ത്താന്‍ മയാമിയും ഗോള്‍ മടക്കാന്‍ നാഷ്‌വില്ലും പൊരുതിക്കളിച്ചു. മത്സരത്തിന്റെ 57ാം മിനിട്ടില്‍ ഫാഫേ പികൗള്‍ട്ടിലൂടെ നാഷ്‌വില്‍ ഈക്വലൈസര്‍ ഗോള്‍ നേടി.

ഒടുവില്‍ നെയ്ല്‍ ബൈറ്റിങ് ഫിനിഷില്‍ മയാമി ലീഗ് കപ്പുയര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ മറ്റൊരു ഫൈനലിലേക്ക് മെസിയും സംഘവും കാലെടുത്ത് വെക്കുകയാണ്. അര്‍ജന്റീനക്കൊപ്പം വിജയിച്ച് 45ാം കിരീടം മെസി തന്റെ പോര്‍ട്‌ഫോളിയോയിലിലേക്ക് ചേര്‍ത്തുവെക്കുമോ അതോ കൊളംബിയന്‍ പ്രതിരോധത്തില്‍ വീണുപോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Messi will win the 45th title if he can beat Colombia in the Copa America final

We use cookies to give you the best possible experience. Learn more