അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് പോകുമെന്നാണ് ബാഴ്‌സലോണ വിശ്വസിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ബാഴ്‌സലോണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്നും മെസി ബാഴ്‌സയിലേക്ക് തിരിച്ചുപോകില്ലെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും മിഡില്‍ ഈസ്റ്റ് മാധ്യമമായ അല്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
മെസിയെ തിരിച്ചെത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവില്‍ ബാഴ്‌സലോണക്കില്ലെന്നും അല്‍ ഹിലാല്‍ മുന്നോട്ടുവെക്കുന്ന ഓഫര്‍ ഒരിക്കലും ബാഴ്‌സലോണക്ക് നല്‍കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസി അല്‍ ഹിലാലിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍ പ്രതികരണവുമായി മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി രംഗത്തെത്തിയിരുന്നു. ക്ലബ്ബ് മാറ്റത്തെ കുറിച്ച് മെസി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണിന്റെ അവസാനം മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാല്‍ മെസിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്ന് താരത്തെ സംരക്ഷിക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് പോകുമെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ ഫ്രാന്‍സ് പ്രെസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ക്ലബ്ബിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. തൊട്ടുപിന്നാലെ മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്.