മേജര്‍ ലീഗ് സോക്കറിലെ ലയണല്‍ മെസിയുടെ ജേഴ്‌സി നമ്പറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ഇന്റര്‍ മിയാമി. പുതുതായി പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയിലാണ് മെസിയുടെ ജേഴ്‌സി നമ്പര്‍ ടീം പ്രഖ്യാപിച്ചത്.
ഗ്രാഫിറ്റി സ്റ്റൈലില്‍ മെസിയുടെ പേരെഴുതുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മിയാമിയുടെ ബ്രൈറ്റ് പിങ്ക് നിറത്തിലാണ് മെസിയുടെ പേരെഴുതുന്നത്. പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ മെസി പ്രത്യക്ഷപ്പെട്ട് ആരാധകരെ അഭിവാദ്യം ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
തന്റെ പഴയ നമ്പറിലേക്ക് മെസി തിരിച്ചെത്തുന്നു എന്നതാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. പി.എസ്.ജിയില്‍ മെസി പന്ത് തട്ടിയപ്പോള്‍ ബാഴ്‌സലോണയില്‍ തന്റെ തുടക്കകാലത്ത് ധരിച്ചിരുന്ന 30ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് താരം കളിച്ചത്.
പത്താം നമ്പറില്‍ ബാഴ്‌സലോണക്കും അര്‍ജന്റീനക്കും നേടിക്കൊടുത്ത കിരീടനേട്ടങ്ങള്‍ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് തങ്ങളുടെ ക്ലബ്ബിനും വേണ്ടി നേടിക്കൊടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് പുതിയ തട്ടകത്തിലേക്ക് ചേക്കേറിയ മെസി 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്.
അമേരിക്കന്‍ ക്ലബ്ബിലേക്ക് തന്റെ പഴയ സഹതാരങ്ങളയും എത്തിക്കാന്‍ മെസി ശ്രമം നടത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പ്രമുഖ കായികമാധ്യമമായ സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എസ്.ജിയിലെയും ബാഴ്സലോണയിലെയും തന്റെ സഹതാരങ്ങളായ സെര്‍ജിയോ റാമോസ്, ജോര്‍ദി ആല്‍ബ എന്നിവരെ എം.എല്‍.എസ് ക്ലബ്ബുമായി മെസി ബന്ധിപ്പിക്കാനൊരുങ്ങുകയാണ്.
നിലവില്‍ ഫ്രീ ഏജന്റുകളായ റാമോസും ആല്‍ബയും പുതിയ ക്ലബ്ബുകളുമായി സൈന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും മെസിക്കൊപ്പം ബെക്കാമിന്റെ ക്ലബ്ബില്‍ ബൂട്ടുകെട്ടാന്‍ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാ ലിഗയില്‍ ഇരുചേരിയിലുമായി കൊണ്ടും കൊടുത്തും മുന്നേറിയ മെസിയും റാമോസും പി.എസ്.ജിയില്‍ മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. പാരീസിയന്‍സിനായി 46 മത്സരങ്ങളില്‍ ഇരുവരും ഒന്നിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്.
അതേസമയം, മെസിക്കൊപ്പം 345 മത്സരങ്ങളിലാണ് ആല്‍ബ കളം പങ്കിട്ടത്. ഇരുവരും ചേര്‍ന്ന് 34 ഗോളുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. ബാഴ്സയില്‍ ചെലവിഴിച്ച കാലയളവിനുള്ളില്‍ ഇരുവര്‍ക്കുമിടയില്‍ മികച്ച സൗഹൃദം ഉടലെടുത്തിരുന്നു.
Content highlight: Messi will play in the number 10 jersey at Inter Miami