|

പരിക്ക് ഗുരുതരമല്ല, പി.എസ്.ജി സൂപ്പര്‍താരം ബയേണിനെതിരെ ഇറങ്ങും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി 14ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ലോകമെമ്പാടുമുള്ള പി.എസ്.ജി, മെസി ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. മെസിക്ക് ഹാംസ്ട്രിങ് ഇഞ്ച്വറിയാണെന്നും മൊണോക്കോക്കെതിരായ അടുത്ത മത്സരത്തില്‍ താരം കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മെസി ബയേണിനെതരായ മത്സരത്തില്‍ കളിക്കാനുണ്ടാകുമെന്നും താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍. എന്നാല്‍ ശനിയാഴ്ച മൊണാക്കോക്കെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ മെസിയുണ്ടാകില്ലെന്നും തിങ്കളാഴ്ച തൊട്ട് പരിശീലനത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മെസിയും എംബാപ്പെയും ടീമിന്റെ മികച്ച താരങ്ങളാണെന്നും അവരുടെ പരിക്കിനെ ഗൗരവകരമായി കാണുന്നുവെന്നും ഗാള്‍ട്ടിയര്‍ നേരത്തെ പറഞ്ഞിരുന്നു.

‘മെസി ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. തീര്‍ച്ചയായും പ്ലെയേഴ്‌സിന്റെ അഭാവം മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് തിരിച്ചടിയാവും. അത് മെസിയുടെ കാര്യത്തില്‍ മാത്രമല്ല, എംബാപ്പെ, റാമോസ് മുതലായ താരങ്ങളുടെ കാര്യത്തിലെല്ലാം ഇത് ബാധകമാണ്.

ഇനി വരാനുള്ള കളിയില്‍ ഇവരുടെയെല്ലാംതന്നെ ആരോഗ്യം ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ പരിക്കിനെ ക്ലബ്ബ് ഗൗരവകരമായി തന്നെയാണ് നോക്കിക്കാണുന്നത്,’ ഗാല്‍ട്ടിയര്‍ പറഞ്ഞു.

ക്ലബ്ബിന്റെ മറ്റൊരു സൂപ്പര്‍ താരമായ എംബാപ്പെയും പരിക്ക് മൂലം വിശ്രമത്തിലാണ്. താരം ബയേണിനെതിരെയുള്ള മത്സരത്തിന് ഇറങ്ങുമെന്നാണ് സൂചന. ലീഗ് വണ്ണിലെ പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

Content Highlights: Messi will play against psg