മോസ്‌കോ: ലോകകപ്പ് നേടുന്നത് വരെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഇഷ്ട്ടപെടുന്നില്ലെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പില്‍ അര്‍ജന്റീന തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം വിമര്‍ശങ്ങള്‍ ഏറെ ഉയരുന്നതിനിടയിലാണ് മെസ്സിയുടെ പ്രതികരണം.
“”ലോകകപ്പ് ഉയര്‍ത്തുക എന്നത് എന്റെ എക്കാലത്തേയും സ്വപ്‌നമാണ്. ആ നേട്ടം ലക്ഷക്കണക്കിന് അര്‍ജന്റീന ആരാധകരെ അഹ്ലാദവാന്‍മാരാക്കും. അതുകൊണ്ട് തന്നെ അത്ര എളുപ്പം ഉപേക്ഷിക്കാവുന്ന സ്വപ്നമല്ല അത്.
പ്രധാന ടൂര്‍ണമെന്റുകള്‍ പലതും ഞാന്‍ നേടി, എന്നാല്‍ ഏറ്റവും മികച്ചത് നേടുന്നതാണ് സ്വപ്നം. അതുകൊണ്ട് തന്നെ ലോകചാമ്പ്യനാവാതെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ആലോചിക്കാന്‍ ഇഷ്ടപ്പെടുന്നില്ല”” മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബാഴ്‌സിലോണ താരം തന്റെ 31-ാം പിറന്നാള്‍ ആഘോഷിച്ചത്. 2018ലേത് മെസ്സിയുടെ നാലാമത്തെ ലോകകപ്പാണ്. എന്നാല്‍ രാജ്യത്തിനായ് ഇതുവരെ ഒരു മേജര്‍ കിരീടം നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.
2008 ഒളിമ്പിക്‌സില്‍ നേടിയ സ്വര്‍ണ്ണ മെഡലാണ് രാജ്യത്തിന്റെ ജേഴ്‌സിയില്‍ മെസ്സി നേടിയ മികച്ച നേട്ടം. കഴിഞ്ഞ ലോകകപ്പ് ഫൈനലിലും, കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന മെസ്സിയുടെ നേതൃത്വത്തില്‍ എത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
നൈജീരിയയുമായി ചൊവ്വാഴ്ച മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ ലോകകപ്പ് ഭാവി അനിശ്ചിതത്വത്തിലാണ്. മത്സരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ ഐസ്‌ലാന്റിനെ പരാജയപ്പെടുത്തിയാലേ അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കൂ. ഐസ്‌ലാന്റ് വിജയിക്കുക ആണെങ്കില്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും അര്‍ജന്റീനക്ക്. പ്രീ ക്വാര്‍ട്ടറില്‍ എത്തിയാലും കരുത്തരായ ഫ്രാന്‍സുമായാണ് അര്‍ജന്റീനയുടെ മത്സരം ഉണ്ടാവുക.