ഖത്തറില്‍ ലോകചാമ്പ്യന്‍ഷിപ്പ് നേടിയതോടെ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് താരം ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് തിരുത്തുകയുണ്ടായി.
ലോകകപ്പില്‍ വിശ്വകിരീടം ഉയര്‍ത്തിയതോടെ കുറച്ചുകാലം കൂടി ദേശീയ ജേഴ്‌സിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ 2026 ലോകകപ്പിലും തങ്ങളുടെ ഇതിഹാസ താരത്തിന്റെ പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജര്‍മന്‍ താരം ബേണ്‍ഡ് ഷൂസ്റ്റര്‍. ഇനിയൊരു ലോകകപ്പ് കൂടി കളിക്കുക മെസിയെ സംബന്ധിച്ച് അസാധ്യമാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ അത് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
‘എനിക്ക് തോന്നുന്നു അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. മെസിക്ക് ചിലപ്പോള്‍ ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമായിരിക്കും. ഇപ്പോഴത്തെ കാലത്ത് കളിക്കാര്‍ക്ക് കൂടുതല്‍ കാലം ഫീല്‍ഡില്‍ തുടരാന്‍ സാധിക്കുന്നുണ്ട്.
അവരുടെ ഡയറ്റ്, ഫിസിയോസ്, ഡോക്ടര്‍മാര്‍, അങ്ങനെ നിരവധി കാര്യങ്ങളുടെ സഹായത്തോടെ താരങ്ങള്‍ക്ക് തങ്ങളുടെ ശരീരം മെയിന്റെയ്ന്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കാം മെസി ഇനിയൊരു ലോകകപ്പ് കളിച്ചേക്കാം എന്നൊക്കെ പറയുന്നത്.
പക്ഷെ എനിക്ക് തോന്നുന്നില്ല, അത് സംഭവിക്കുമെന്ന്. നാഷണല്‍ ടീമില്‍ നിന്ന് മെസി ഇപ്പോള്‍ വിരമിക്കുന്നതാകും ഉചിതം. അദ്ദേഹം ലോകകപ്പ് ഉയര്‍ത്തിയ ചിത്രം നമ്മുടെയൊക്കെ മനസിലുണ്ടല്ലോ. അതുകൊണ്ട് ഇതാണ് യഥാര്‍ത്ഥ സമയം,’ ഷൂസ്റ്റര്‍ പറഞ്ഞു.
അതേസമയം, ലോകകപ്പിന് ശേഷം മികച്ച ഫോമിലേക്കെത്താന്‍ മെസിക്ക് സാധിച്ചിട്ടില്ലെന്നാണ് പി.എസ്.ജി ആരാധകരുടെ വിലയിരുത്തല്‍. ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും പി.എസ്.ജിക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.
ഫെബ്രുവരി 19ന് ഇന്ത്യന്‍ സമയം വൈകിട്ട് 5:30ന് ലോസ്‌ക് ലില്ലിക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ മാര്‍ച്ച് ഒമ്പതിനാണ് പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം.