ഫിഫ ലോകകപ്പ് കിരീട ജേതാവായി കരിയർ സമ്പൂർണമാക്കിയ ശേഷവും മെസി പ്രൊഫഷണൽ ഫുട്ബോളിൽ തുടരുകയാണ്. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം മെസി വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും അതിനെ പറ്റിയുള്ള പ്രതികരണങ്ങളൊന്നും താരം ഇത് വരെ നടത്തിയിട്ടില്ല.
എന്നാൽ നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പി.എസ്. ജിയിൽ കളിക്കുന്ന താരം ക്ലബ്ബ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വന്നിരുന്നു.
അൽ ഹിലാൽ, ഇന്റർ മിയാമി, മാൻസിറ്റി മുതലായ ക്ലബ്ബുകളെ ചേർത്തായിരുന്നു താരത്തെ സംബന്ധിച്ച ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വന്നിരുന്നത്.
എന്നാലിപ്പോൾ മെസി പി.എസ്.ജി വിടില്ലെന്നും ഫ്രഞ്ച് ക്ലബ്ബിൽ തന്നെ തുടരുമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് മാധ്യമപ്രവർത്തകനായ ഗുയിലേം ബലാഗ്.
എൽ ഫുട്ബലേരോക്ക് നൽകിയ അഭിമുഖത്തിലാണ് മെസി പി.എസ്.ജിയിൽ തന്നെ തുടരുമെന്നും അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും ഗുയിലേം ബലാഗ് അഭിപ്രായപ്പെട്ടത്.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ മെസിയും അദ്ദേഹത്തിന്റെ കുടുംബവും വളരെ സന്തുഷ്ടരാണെന്നാണ് ബലാഗ് തന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ പി.എസ്. ജി മാനേജ്മെന്റുമായി താരത്തിന് അടുത്ത ബന്ധമുണ്ടെന്നും ബാഴ്സയിൽ ഉണ്ടായിരുന്നതിനേക്കാൾ സ്വാതന്ത്രത്തോടെ മെസിക്ക് പി.എസ്.ജിയിലെ ഉന്നതരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നെന്നും ബലാഗ് പറയുന്നു.
കൂടാതെ ഇത് വരെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത പി.എസ്.ജിക്ക് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് മെസിയെന്നും ബലാഗ് അഭിപ്രായപ്പെടുന്നുണ്ട്.
ഇതിനൊപ്പം തന്നെ മെസി പി.എസ്.ജിയുമായി ഇതിനോടകം തന്നെ കരാർ നീട്ടിയിട്ടുണ്ട് എന്ന വാർത്തകളും നേരത്തേ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് വരേക്കും പ്രസ്തുത റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെടാത്തതിനാൽ വാർത്ത വ്യാജമായിരിക്കാനാണ് സാധ്യതയെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം ജനുവരി 30ന് ഇന്ത്യൻ സമയം പുലർച്ചെ 1:30ന് റെയിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവിൽ ലീഗ് വൺ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് ലീഗിലെ ആധിപത്യം നിലനിർത്താൻ മത്സരം വിജയിക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights:Messi will not leave PSG; Spanish journalist Guillem Balague gave reasons