| Tuesday, 24th January 2023, 3:11 pm

പി.എസ്.ജി വിട്ടാലും മെസി ബാഴ്സയിലേക്കെത്തില്ല; വെളിപ്പെടുത്തി അർജന്റൈൻ മാധ്യമപ്രവർത്തകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ മെസിയുടെ കരാർ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി പി.എസ്.ജിയിൽ തുടരുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

മെസിയെ 2024 വരെ ഫ്രഞ്ച് ക്ലബ്ബിൽ പിടിച്ചു നിർത്താനായി ക്ലബ്ബ് മാനേജ്മെന്റ് നേരത്തെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ കരാർ കാലാവധി അവസാനിക്കുന്നത്തോടെ മെസി പി.എസ്. ജി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്.

ഇതൊടെ മെസി അദ്ദേഹത്തെ വളർത്തി വലുതാക്കിയ കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയിലേക്ക് തിരികേ ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശക്തമായി പ്രചരിച്ചിരുന്നു.

കൂടാതെ മെസിക്ക് തിരികേ വരാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന ക്ലബ്ബ് പ്രസിഡന്റ്‌ ലപോർട്ടയുടെ അടുത്തിടെയുള്ള പ്രസ്താവനയും മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി ആരാധകർ ചൂണ്ടികാണിച്ചിരുന്നു.

എന്നാലിപ്പോൾ മെസി ബാഴ്സയിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ മാധ്യമപ്രവർത്തകൻ ഗസ്റ്റോൺ എഡുൽ. മെസിയും ലപോർട്ടയും തമ്മിലുള്ള മോശം ബന്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

“മെസിയും ലപോർട്ടയടക്കമുള്ള ബാഴ്സ അധികൃതരുമായുള്ള ബന്ധം അത്ര നല്ലതല്ല. മെസി ബാഴ്സയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. എന്നാൽ ക്ലബ്ബ് അധികൃതരുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ ഉണ്ട്.

ഇരു കൂട്ടരും അവസാനമായി ചർച്ച ചെയ്ത് പിരിഞ്ഞപ്പോൾ നല്ല നിലയിലല്ല അത് അവസാനിച്ചത്,’ ഗസ്റ്റോൺ എഡുൽ പറഞ്ഞു. ടി.വൈ.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

“എനിക്ക് കിട്ടിയ വിവരം അനുസരിച്ച് മെസി ബാഴ്സയിലേക്ക് തിരിച്ച് പോകാൻ ഒരു സാധ്യതയുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മെസിയുമായി ഒരു വർഷത്തേക്കെങ്കിലും കരാർ നീട്ടാനുള്ള കഠിന പരിശ്രമത്തിലാണ് പി.എസ്.ജി.

മെസിയില്ലാതെ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യത്തെ ചാമ്പ്യൻസ് ലീഗ് നേടാൻ പി.എസ്. ജിക്ക് കഴിയില്ല എന്നാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ വിലയിരുത്തൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജനുവരി 30ന് റെയിംസുമായാണ് പി.എസ്. ജിയുടെ അടുത്ത മത്സരം.

Content Highlights:Messi will not come to Barca even if he leaves PSG; Argentinian journalist revealed

We use cookies to give you the best possible experience. Learn more