ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസി പി.എസ്.ജി വിടുമെന്ന് റിപ്പോര്‍ട്ട്. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി വിവരം പാരീസ് സെന്റ് ഷെര്‍മാങ്ങിനെ അറിയിക്കുകയായിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ ക്ലബ്ബ് സസ്പെന്റ് ചെയിതിരുന്നു. താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്.
ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.