മെസിക്ക് ലോകകപ്പ് ഫ്രാൻസിൽ പ്രദർശിപ്പിക്കാൻ ആഗ്രഹം; പണി കിട്ടി പി.എസ്.ജി
2022 FIFA World Cup
മെസിക്ക് ലോകകപ്പ് ഫ്രാൻസിൽ പ്രദർശിപ്പിക്കാൻ ആഗ്രഹം; പണി കിട്ടി പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd December 2022, 7:15 pm

ഫിഫ ലോകകപ്പ് ഖത്തർ എഡിഷന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി തങ്ങളുടെ മൂന്നാം ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് അർജന്റീന.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ലീഗ് വണ്ണിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പി.എസ്.ജിക്കായി മത്സരിക്കാനായി മെസി ഉടനെ പാരിസിലേക്ക് പറക്കും എന്നാണ് റിപ്പോർട്ടുകൾ.

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ, ഫ്രഞ്ച് താരം എംബാപ്പെ എന്നിവർക്കൊപ്പമാണ് മെസി കളിക്കുക.

എന്നാൽ ലോകകപ്പ് ഫുട്ബോൾ കിരീടം തന്റെ ക്ലബ്ബായ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക്‌ ഡെസ് പ്രിൻസസിൽ പ്രദർശിപ്പിക്കാൻ മെസിക്ക് ആഗ്രഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രശസ്ത സ്പോർട്സ് വെബ്സൈറ്റായ ഗോൾ ആണ് വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. പി.എസ്.ജി ഫാൻസിന് മുന്നിൽ തന്റെ സ്വപ്ന കിരീടമായ ലോകകപ്പ് പ്രദർശിപ്പിക്കാൻ മെസിക്ക് അതിയായ ആഗ്രഹമുണ്ടെന്നും, അതിനായി പി.എസ്.ജി അധികൃതരോട് മെസി അനുവാദം ചോദിച്ചെന്നും ഗോൾ റിപ്പോർട്ട്‌ ചെയ്തു.

എന്നാൽ ക്ലബ്ബ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് കൊണ്ട് ലോകകപ്പ് സ്വന്തമാക്കിയതോടെ പാരിസിൽ അർജന്റീനക്ക് ലഭിച്ച ട്രോഫി പ്രദർശിപ്പിച്ചാൽ ഫ്രഞ്ച് ആരാധകരെ അത് പ്രകോപിപ്പിക്കും എന്ന് പി.എസ്.ജിക്ക് ആശങ്കയുണ്ട്.

കൂടാതെ എംബാപ്പെ ഈ വിഷയത്തോട് എങ്ങനെയാകും പ്രതികരിക്കുക എന്നതും പി.എസ്.ജി അധികൃതർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ക്ലബ്ബ് പ്രസിഡന്റ് നാസർ-അൽ-കെലാഫി വിഷയത്തെ ന്യായമുള്ളതായാണ് കാണുന്നതെങ്കിലും ഫ്രഞ്ച് ആരാധകരുടെ പ്രതികരണം എങ്ങനെയാകും എന്ന് ധാരണയില്ലാത്തതിനാൽ പി.എസ്.ജി മെസിയുടെ ആവശ്യം അംഗീകരിക്കാൻ ഇടയില്ല എന്ന് തന്നെയാണ് ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഡിസംബർ 29ന് സ്ട്രാസ്ബർഗിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഇതിൽ മെസി കളിക്കില്ലെന്ന് ഉറപ്പാണ്.

Content Highlights:Messi Wants To Show World Cup In France; PSG Get in trouble