അന്താരാഷ്ട്ര തലത്തില്‍ നൂറ് ഗോള്‍ നേടി മെസി വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പിന് ശേഷമുള്ള സൗഹൃദ മത്സരങ്ങളിലായിരുന്നു മെസി ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 800 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലും മെസി മറികടന്നിരുന്നു.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ നേട്ടം നേരത്തെ തന്റെ പേരിലാക്കിയ താരമാണ്. അന്താരാഷ്ട്ര തലത്തില്‍ 122 ഗോളുകള്‍ നേടിയ റൊണാള്‍ഡോ കരിയറില്‍ 832 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ നൂറ് ഗോള്‍ നേടിയ മൂന്നേ മൂന്ന് താരങ്ങള്‍ മാത്രമേ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടുള്ളൂ. പട്ടികയില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തും മെസി (102) മൂന്നാം സ്ഥാനത്തുമാണ്.
ഇറാന്‍ ഇന്റര്‍നാഷണലായ അലി ദേയ് ആണ് രജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍. 109 ഗോളാണ് താരം ഇറാന് വേണ്ടി അടിച്ചുകൂട്ടിയത്.
മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ ഈ ഗോളുകളുടെ എണ്ണവും മാനദണ്ഡമാകാറുണ്ട്. എന്നാല്‍ ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് ടീമിനോട് ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിന്റെ പട്ടികയെടുക്കുമ്പോള്‍ ഒറ്റ ഗോളിന് റൊണാള്‍ഡോയെ മറികടക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്.
ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനക്കാര്‍
1. ബ്രസീല്‍
2. അര്‍ജന്റീന
3. ഫ്രാന്‍സ്
4. ബെല്‍ജിയം
5. ഇംഗ്ലണ്ട്
6. നെതര്‍ലന്‍ഡ്‌സ്
7. ക്രൊയേഷ്യ
8. ഇറ്റലി
9. പോര്‍ച്ചുഗല്‍
10. സ്‌പെയ്ന്‍
ഈ ടീമുകളോട് ഏറ്റവുമധികം ഗോള്‍ നേടിയത് മെസിയാണ്. 15 ഗോളാണ് മെസി ടീമുകള്‍ക്കെതികരെ നേടിയത്.
മെസി ഓരോ ടീമിനുമെതിരെ നേടിയ ഗോളുകളുടെ എണ്ണം പരിശോധിക്കാം,
1. ബ്രസീല്‍ (അഞ്ച് ഗോള്‍)
2. ഫ്രാന്‍സ് (മൂന്ന് ഗോള്‍)
3. ക്രൊയേഷ്യ (മൂന്ന് ഗോള്‍)
4. സ്‌പെയ്ന്‍ (രണ്ട് ഗോള്‍)
5. നെതര്‍ലന്‍ഡ്‌സ് (ഒരു ഗോള്‍)
6. പോര്‍ച്ചുഗല്‍ (ഒരു ഗോള്‍)
ഫിഫ ടോപ് ടെന്നില്‍ ബെല്‍ജിയം, ഇറ്റലി, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് മെസിയില്‍ നിന്നും ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് വരുമ്പോള്‍ ടോപ് ടെന്നിലെ ആറ് ടീമുകള്‍ക്കെതിരെയാണ് റൊണാള്‍ഡോയും ഗോള്‍ നേടിയത്. ടോപ് ടെന്നിലെ ടീമുകള്‍ക്കെതിരെ 14 ഗോളാണ് റൊണാള്‍ഡോ നേടിയത്.
1. നെതര്‍ലന്‍ഡ്‌സ് (നാല് ഗോള്‍)
2. ബെല്‍ജിയം (മൂന്ന് ഗോള്‍)
3. സ്‌പെയ്ന്‍ (മൂന്ന് ഗോള്‍)
4. ഫ്രാന്‍സ് (രണ്ട് ഗോള്‍)
5. അര്‍ജന്റീന (ഒരു ഗോള്‍)
6. ക്രൊയേഷ്യ (ഒരു ഗോള്‍)
മെസിയെ പോലെ തന്നെ ഇറ്റലിയോടും ഇംഗ്ലണ്ടിനോടും സ്‌കോര്‍ ചെയ്യാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല. ബ്രസീലാണ് ടോപ് ടെന്നില്‍ റൊണാള്‍ഡോയോട് ഗോള്‍ വഴങ്ങാത്ത മറ്റൊരു ടീം.
ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും സ്‌പെയ്‌നും ക്രൊയേഷ്യയുമാണ് ഇരുവരുടെയും ‘കോമണ്‍ വേട്ടമൃഗ’ങ്ങളായത്. 19 ഗോളാണ് ഇരുവരും ചേര്‍ന്ന് ഇവര്‍ക്കെതിരെ നേടിയത്.
Content Highlight: Messi vs Ronaldo: Who has scored more goals against top-10 international teams?