അന്താരാഷ്ട്ര തലത്തില്‍ നൂറ് ഗോള്‍ നേടി മെസി വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പിന് ശേഷമുള്ള സൗഹൃദ മത്സരങ്ങളിലായിരുന്നു മെസി ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 800 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലും മെസി മറികടന്നിരുന്നു.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ നേട്ടം നേരത്തെ തന്റെ പേരിലാക്കിയ താരമാണ്. അന്താരാഷ്ട്ര തലത്തില്‍ 122 ഗോളുകള്‍ നേടിയ റൊണാള്‍ഡോ കരിയറില്‍ 832 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ നൂറ് ഗോള്‍ നേടിയ മൂന്നേ മൂന്ന് താരങ്ങള്‍ മാത്രമേ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടുള്ളൂ. പട്ടികയില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തും മെസി (102) മൂന്നാം സ്ഥാനത്തുമാണ്.
ഇറാന്‍ ഇന്റര്‍നാഷണലായ അലി ദേയ് ആണ് രജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍. 109 ഗോളാണ് താരം ഇറാന് വേണ്ടി അടിച്ചുകൂട്ടിയത്.
മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ ഈ ഗോളുകളുടെ എണ്ണവും മാനദണ്ഡമാകാറുണ്ട്. എന്നാല്‍ ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് ടീമിനോട് ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിന്റെ പട്ടികയെടുക്കുമ്പോള്‍ ഒറ്റ ഗോളിന് റൊണാള്‍ഡോയെ മറികടക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്.