| Monday, 30th September 2024, 8:49 am

മെസിയെക്കൊണ്ട് സാധിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ റൊണാള്‍ഡോ അത് ചെയ്യും; ഗോട്ട് ഡിബേറ്റില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആര് എന്ന തര്‍ക്കം ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തില്‍ ആരാധകര്‍ ഇപ്പോഴും രണ്ട് അഭിപ്രായക്കാരാണ്.

ഇതിഹാസ താരങ്ങള്‍ മുതല്‍ സാധാരണ താരങ്ങള്‍ വരെ ഗോട്ട് ഡിബേറ്റില്‍ തങ്ങളുടെ പ്രിയ താരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിഹാസ താരം പെലെ മികച്ച താരമായി റൊണാള്‍ഡോയെ തെരഞ്ഞെടുത്തപ്പോള്‍ മെസിക്കൊപ്പമായിരുന്നു മറഡോണ.

ഈ വിഷയത്തില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മെസിയെയും റൊണാള്‍ഡോയെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫെര്‍ഗൂസന്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

ഈ ലോകത്ത് എവിടെയാണെങ്കിലും ഏത് ടീമിനെതിരെയാണെങ്കിലും റൊണാള്‍ഡോക്ക് ഗോള്‍ നേടാന്‍ സാധിക്കുമെന്നും എന്നാല്‍ മെസിക്ക് അതിന് ഒരു ടീമിന്റ ആവശ്യമുണ്ടെന്നുമാണ് ഫെര്‍ഗൂസന്‍ പറഞ്ഞത്. 2015ല്‍ മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഫെര്‍ഗൂസന്‍ ഗോട്ട് ഡിബേറ്റിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യത്തിന് ധാരാളം ആളുകള്‍ മെസിയുടെ പേര് പറയുന്നുണ്ട്. ആ വിഷയത്തില്‍ നമുക്ക് തര്‍ക്കിക്കാന്‍ സാധിക്കില്ല.

എന്നാല്‍ മില്‍വെല്‍, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ്, ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സ് തുടങ്ങി ഏത് ടീമിനൊപ്പം വേണമെങ്കിലും കളിക്കാനും ഹാട്രിക് നേടാനും റൊണാള്‍ഡോക്ക് സാധിക്കും.

എന്നാല്‍ മെസിക്ക് ഇത് നേടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. റൊണാള്‍ഡോക്ക് രണ്ട് കാലുകളുണ്ട്, അത് വളരെ വേഗത്തില്‍ ചലിക്കുന്നവയാണ്, അവന്‍ ധൈര്യശാലിയാണ്. മെസിയും ധൈര്യശാലിയായ താരം തന്നെയാണ്, അതില്‍ ഒരു സംശയവുമില്ല, എനിക്ക് തോന്നുന്നത് മെസി ഒരു ബാഴ്‌സലോണ താരമാണെന്നാണ്,’ ഫെര്‍ഗൂസന്‍ പറഞ്ഞു.

ഹാട്രിക്കിന്റെ കാര്യത്തില്‍ ഫെര്‍ഗൂസന്റെ വാക്കുകള്‍ ശരിയായി വന്നിരിക്കുകയാണ്. 2021ല്‍ ബാഴ്‌സ വിട്ടതിന് ശേഷം മെസിക്ക് ഒറ്റ തവണ പോലും ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ റൊണാള്‍ഡോയാകട്ടെ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷവും പലപ്പോഴായി ഹാട്രിക് നേടിയിട്ടുണ്ട്.

സ്‌പോര്‍ട്ടിങ് ലിസ്ബണിലെ ഒരു കൗമാര താരത്തെ ലോകമറിയുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആക്കി മാറ്റിയതിന് പിന്നില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന മാസ്റ്റര്‍ ബ്രെയ്ന്‍ തന്നെയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കവെ റോണോയുടെ വളര്‍ച്ച അടുത്ത് കണ്ടവരില്‍ ഒരാളുമാണ് അദ്ദേഹം.

Content Highlight: Messi vs Ronaldo: Sir Alex Ferguson on GOAT debate

We use cookies to give you the best possible experience. Learn more