ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മൂന്ന് വര്‍ഷം മുമ്പ് പെലെ നല്‍കിയ മറുപടി തരംഗമാവുകയാണിപ്പോള്‍.
പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോ യുവന്റസിന് വേണ്ടിയും അര്‍ജന്റീനയുടെ മെസി ബാഴ്‌സലോണക്ക് വേണ്ടിയും ബൂട്ട് കെട്ടുന്ന കാലമായിരുന്നു അത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കൂടുതല്‍ സ്ഥിരതയുള്ള താരമെന്നാണ് പെലെ പറഞ്ഞത്. പക്ഷെ മെസിയെയും മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പില്‍ഹാഡോ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പെലെ ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 29ന് പെലെയുടെ വിയോഗത്തിന് ശേഷം അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.
അര്‍ബുദത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ തന്റെ 82ാം വയസിലാണ് മരിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടെയായിരുന്നു പെലെയെ രോഗം കടന്നാക്രമിച്ചത്.
അതേസമയം ഖത്തര്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ജനുവരി ഒന്നിന് തിരിച്ചെത്തും. ലോകകപ്പിന് ശേഷം താരം അര്‍ജന്റീനയില്‍ കുടുംബത്തോടൊപ്പം വെക്കേഷന്‍ ആസ്വദിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ മെസി പങ്കെടുത്തിരുന്നില്ല. ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണില്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ മികച്ച പ്രകടനമാണ് പി.എസ്.ജി കാഴ്ചവെച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ക്ലബ്ബുമായി താരം രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.
Content Highlights: Messi VS Ronaldo, Pele weighs in on the debate