ഖത്തർ ലോകകപ്പിനെത്തിയ മെക്സിക്കോ ടീമിന്റേത് അത്ര മികച്ച താരനിരയൊന്നുമല്ല. എന്നാൽ ഒച്ചാവോയെന്ന ശക്തനായ ഗോൾ കീപ്പറുടെ കൈക്കരുത്തിന്റെ ബലത്തിലാണ് ഇത്തവണയും അവർ ലോകകപ്പിനെത്തിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടിന്റെ സൂപ്പർ സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയുടെ പെനാൽട്ടി കിക്ക് തടുത്തതോടെ ഒച്ചാവോ ഒരിക്കൽ കൂടി തരംഗമായിരിക്കുകയാണ്.
🇲🇽🗣️ Guillermo Ochoa: “Is there a better scenario than to play in the World Cup against Messi, one of the best players in history, if not the best…?” pic.twitter.com/G6khGq1P82
ഫുട്‌ബോളിലെ പ്രഗത്ഭരായ താരങ്ങളിൽ പലർക്കും ഒച്ചാവോക്ക് മുന്നിൽ കാലിടറിയിട്ടുണ്ട്. മികച്ച ട്രാക്ക് റെക്കോഡോ ക്ലബ്ബ് റെക്കോഡോ അവകാശപ്പെടാനില്ലാത്ത ഒച്ചാവോ ലോകകപ്പ് വേദികളിലെത്തുന്നതോടെ മറ്റൊരാളായി മാറുകയാണ് പതിവ്. മെക്‌സിക്കൻ കുപ്പായമണിഞ്ഞ് അയാൾ വല കാക്കാനെത്തിയാൽ എതിരാളികളെ മുട്ടിടിപ്പിച്ചേ തിരിച്ചയക്കുകയുള്ളൂ.
2005 മുതലാണ് ഒച്ചാവോ മെക്‌സിക്കൻ ഗ്ലൗസ് അണിഞ്ഞു തുടങ്ങിയത്. 2006, 2010 ലോകകപ്പുകളിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല.
2014ലെ ബ്രസീൽ ലോകകപ്പിലാണ് ഒച്ചാവോ ലോകകപ്പ് ടീമിൽ കളിക്കുന്നത്. അന്ന് മുതലാണ് ഒച്ചാവോയെന്ന ഗോൾകീപ്പറെ ലോകം ശ്രദ്ധിക്കുന്നത്. ബ്രസീലിനെതിരായ മത്സരത്തിൽ നെയ്മറുടെ ഗോളെന്നുറപ്പിച്ച ഹെഡറുൾപ്പടെ താരം നടത്തിയത് എട്ട് സേവുകളാണ്. അന്ന് ഒരൊറ്റ ഗോളും മെക്‌സിക്കൻ വലയിലെത്തിക്കാൻ ആ ചുരുളൻ മുടിക്കാരൻ അനുവദിച്ചിരുന്നില്ല.
2018 ലോകകപ്പിൽ അന്നത്തെ ചാമ്പ്യൻ ടീമായ ജർമനിയെ മെക്‌സിക്കോ 1-0ന് തോൽപ്പിച്ചപ്പോൾ ഒമ്പത് സേവുകളാണ് ഒച്ചാവോ നേടിയത്. 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ ഒച്ചാവോ 25 സേവുകൾ നടത്തി. പ്രായം 37ൽ നിൽക്കുമ്പോഴും പ്രതിരോധത്തിൽ ഒച്ചാവോ ഉയർത്തുന്ന മതിലിന് കനം കൂടിയിട്ടേയുള്ളു.
ഇനിയൊരു ലോകകപ്പിൽ വല കാക്കാൻ പ്രായം അനുവദിക്കില്ലെന്നതിനാൽ തന്റെ എല്ലാ കരുത്തും ആവാഹിച്ചുള്ള പ്രകടനമാവും താരം ഈ ലോകകപ്പിൽ കാഴ്ചവെക്കുക. അടുത്ത മത്സരത്തിൽ ഇനി നേരിടാനിരിക്കുന്നതാകട്ടെ ഇതിഹാസ താരമായ ലയണൽ മെസിയുടെ അർജന്റീനയെയും.
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി വിശ്വകിരീടം നേടാൻ ഖത്തറിലെത്തിയ അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവിയാണ് ആദ്യ മത്സരം സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീന ടീമിൽ വലിയ അഴിച്ചുപണി നടത്തിയാകും മെക്സിക്കോയെ നേരിടാനെത്തുക.
എന്നാൽ മെക്സിക്കൻ വല നിധി പോലെ കാക്കുന്ന ഒച്ചാവോയെന്ന കരുത്തനായ പോരാളിയുടെ കണ്ണുവെട്ടിച്ചു വേണം അർജന്റീനക്ക് വിജയലക്ഷ്യത്തിലെത്താൻ. രാജ്യത്തിനായി അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പ് കളിക്കാനെത്തിയവരാണ് മെസിയും ഒച്ചാവോയും.
വിരമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും തന്റെ രാജ്യത്തിനായി വിശ്വകിരീടമുയർത്തണമെന്ന മിശിഹയുടെ മോഹം മെക്സിക്കൻ വലകാക്കുന്ന ഭൂതത്തിന് മുന്നിൽ അടിയറവ് വെക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.