football news
പ്രതിഫല കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ മറികടന്നോ മെസി? കണക്കുകള്‍ ഇങ്ങനെയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 09, 03:01 am
Friday, 9th June 2023, 8:31 am

നിലവിലെ ഫുട്‌ബോള്‍ ലെജന്‍ഡ്‌സുകളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ലോകത്തേറ്റവും കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്ന സോക്കര്‍ താരങ്ങളും ഇവര് തന്നെയാണ്. ആരാണ് ഗോട്ട് എന്ന തര്‍ക്കം പലഘട്ടങ്ങളിലായി ആരാധകര്‍ ഉന്നയിക്കുന്നതും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവ് കാഴ്ചയുമാണ്.

എന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ അമേരിക്കന്‍ ക്ലബ്ബിലേക്കുള്ള കൂടുമാറ്റം മറ്റൊരു പ്രധാന ചര്‍ച്ചയ്ക്ക് കൂടി വഴിതളിച്ചിരിക്കുകയാണ്. ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

 

അല്‍ നസറിലൂടെ റൊണാള്‍ഡോ പ്രതിവര്‍ഷം 173 ദശലക്ഷം പൗണ്ട് (1790.94 കോടി രൂപ) സമ്പാദിക്കുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനാണ് അദ്ദേഹം. അതേസമയം, ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അര്‍ജന്റീനന്‍ താരത്തിന് 100-125 മില്യണ്‍ പൗണ്ട് (പരമാവധി 1294.03 കോടി രൂപ) വരെ യു.എസ് കമ്പനിയായ എം.എല്‍.എസ് നല്‍കുമെന്നാണ് സൂചന.

യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇന്റര്‍ മയാമിയുമായുള്ള മെസിയുടെ ഇടപാട് രണ്ടര വര്‍ഷത്തേക്കാണെന്നാണ് സൂചന. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും അദ്ദേഹത്തിന് അവസരമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനത്തില്‍ ഫോട്ടോ അവകാശങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് പേയ്മെന്റുകള്‍, മറ്റ് അധിക വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ലയണല്‍ മെസിയാകട്ടെ, ആപ്പിളുമായും അഡിഡാസുമായുള്ള ക്ലബിന്റെ സഹകരണത്തില്‍ നിന്ന് വരുമാനത്തിന്റെ ഒരു പങ്ക് കൂടി നേടും. കൂടാതെ ഇതേ ക്ലബ്ബില്‍ നിന്ന് വിരമിച്ചാല്‍ ക്ലബ്ബിന്റെ ഓഹരിയുടെ ഒരു ഷെയറും താരത്തിന്റെ പേരിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ പി.എസ്.ജി താരത്തിന്റെ വരവോടെ ഇന്റര്‍ മയാമിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആരാധകരുടെ തള്ളിക്കയറ്റം കാണാം. വെറും 24 മണിക്കൂറ് കൊണ്ട് 5.3 മില്യണ്‍ ഫോളേവേഴ്‌സിന്റെ വന്‍ കുതിച്ചുചാട്ടമാണ്, താരതമ്യേന ചെറുമീനുകളായിരുന്ന അമേരിക്കന്‍ ക്ലബ്ബിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിവരെ ഇന്‍സ്റ്റാഗ്രാമില്‍ 6.3 മില്യണ്‍ ഫോളേവേഴ്‌സാണ് ക്ലബ്ബിനുള്ളത്.

Content Highlights: messi vs cristiano salary comparison in 2023 june