ബ്രസീൽ ഇതിഹാസം പന്ത് തട്ടുമ്പോൾ മെസി ബഹുമാനത്തോടെ മാറി നിൽക്കുമായിരുന്നു; മുൻകോച്ച്
football news
ബ്രസീൽ ഇതിഹാസം പന്ത് തട്ടുമ്പോൾ മെസി ബഹുമാനത്തോടെ മാറി നിൽക്കുമായിരുന്നു; മുൻകോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 3:25 pm

സമകാലിക ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മെസി. ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ ക്ലബ്ബ്, രാജ്യാന്തര തലത്തിലെ എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കാൻ സാക്ഷാൽ മിശിഹക്ക്‌ സാധിച്ചിട്ടിട്ടുണ്ട്.

ഏഴ് തവണ ലോക ഫുട്ബോളിലെ ഏറ്റവും എലൈറ്റായ പുരസ്‌കാരം എന്ന് അറിയപ്പെടുന്ന ബാലൻ ഡി ഓർ കരസ്ഥമാക്കിയ മെസി 2022 ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ബാലൻ ഡി ഓർ സാധ്യത പട്ടികയിലും മുൻപന്തിയിലുണ്ട്.

ഇപ്പോൾ ബാഴ്സയിലേക്കെത്തിയ മെസിയുടെ ആദ്യ കാലത്ത് താരത്തിന് ക്ലബ്ബിലെ ഇതിഹാസ താരങ്ങളോടുണ്ടായിരുന്ന ബഹുമാനം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സലോണ പരിശീലകനായ ജുവാൻ കാർലോസ് ഉൻസെ.

“മെസി ആദ്യമായി ഞങ്ങളുടെ ടീമിലേക്കെത്തുമ്പോൾ അവിടെ ഇതിഹാസ താരങ്ങളായ റൊണാൾഡീന്യോ, ഡീക്കോ, റഫ മാർക്കെസ് മുതലായ ഇതിഹാസ താരങ്ങളാണ് മെസിക്കൊപ്പം ക്ലബ്ബിൽ കളിച്ചിരുന്നത്. അവർ മികച്ച രീതിയിൽ ഫ്രീ കിക്കുകളും സെറ്റ് പീസുകളും എടുക്കുന്നവരാണ്.

മെസി ഗ്രൗണ്ടിലെത്തുമ്പോൾ ഈ മൂന്ന് താരങ്ങളും സെറ്റ് പീസുകൾ എടുത്ത് പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ മെസി അവർക്കൊപ്പം ചേരാതെ പന്തുമായി ഒരിടത്തിരുന്ന് അവരുടെ പരിശീലനം കണ്ട്കൊണ്ടിരുന്നു,’ ജുവാൻ കാർലോസ് ഉൻസെ പറഞ്ഞു.

“ഞാൻ മെസിയോട് പരിശീലനത്തിന് ഇറങ്ങാത്തതിന്റെ കാരണം തിരക്കി. അപ്പോൾ ഇത് അവരുടെ നിമിഷങ്ങളാണ് എന്റേതല്ല എന്നായിരുന്നു മെസിയുടെ മറുപടി. അന്ന് മെസിക്ക്‌ 16 വയസ്സായിരുന്നു പ്രായം, പക്ഷെ ഇതിഹാസങ്ങളെ ബഹുമാനിക്കാൻ അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് ജുവാൻ കാർലോസ് ഉൻസെ മെസിയുമായുള്ള തന്റെ മുൻകാല അനുഭവങ്ങൾ തുറന്ന് പറന്നത്.

2005ൽ മെസിക്ക്‌ ബാഴ്സയുടെ സീനിയർ ടീമിലേക്ക്‌ പ്രൊമോഷൻ ലഭിക്കുകയും റൊണാൾഡീന്യോ, ഡീക്കൊ, സാമുവൽ ഏറ്റൂ മുതലായ സൂപ്പർ താരങ്ങൾക്കൊപ്പം കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു.

ബാഴ്സ മാനേജ്മെന്റും ക്ലബ്ബ്‌ പ്രസിഡന്റ്‌ ലപോർട്ടയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയെത്തുടർന്നാണ് താരം പി.എസ്.ജിയിലേക്ക്‌ കൂട് മാറിയത്. ഈ സീസണിൽ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസി ഫ്രഞ്ച് ക്ലബ്ബ്‌ വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

 

Content Highlights: Messi used to stand back respectfully when the Brazilian legend hit the ball; Former coach Juan Carlos Unzue