ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഉജ്ജ്വല വിജയത്തിന് ശേഷം ഒരു റെക്കോഡ് കൂടി പേരിലാക്കി ലയണല്‍ മെസി. ലോകകപ്പ് കൂടി നേടിയതോടെ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും ഒപ്പം നേടുന്ന കളിക്കാരുടെ പട്ടികയില്‍ ഒമ്പതാമനായി മെസി മാറി.
ബോബി ചാള്‍ട്ടനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. മെസിക്ക് മുമ്പ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് ബ്രസീലിന്റെ ഇതിഹാസ താരം കക്കയാണ്. 2007ല്‍ ബാലണ്‍ ഡി ഓര്‍ നേടിയ കക്ക ഇതിന് മുമ്പ് എ.സി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിരുന്നു.
ഫ്രാന്‍സ് ബെക്കന്‍ബേവര്‍, ജെറാള്‍ഡ് മുള്ളര്‍, പൗലോ റോസി, സിനഡിന്‍ സിദാന്‍, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് ഈ മൂന്ന് നേട്ടവും ഒന്നിച്ച് സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ഇതോടെ ലോകകപ്പില്‍ 26 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. മുന്‍ ജര്‍മന്‍ താരം ലോതര്‍ മാത്തോസിന്റെ പേരിലുള്ള റെക്കോഡ് പിന്തള്ളിയാണ് മെസിയുടെ ഈ കുതിപ്പ്.
ലോകകപ്പ് നേട്ടത്തോടെ മെസിയുടെ കരിയറില്‍ ഇനി നേടാന്‍ പ്രധാന കിരീടങ്ങളൊന്നുമില്ല. ഖത്തര്‍ ലോകകപ്പിന് ശേഷം ഇനിയൊരു വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് കളിക്കില്ലെന്ന് മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദേശീയ ജേഴ്‌സിയില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.
ആദ്യമായി വേള്‍ഡ് കപ്പ് ചാമ്പ്യനായതോടെ അന്താരാഷ്ട്ര ഫുട്‌ബോളിനെ കുറിച്ചും മെസി നിലപാടെടുത്തിരിക്കുകയാണിപ്പോള്‍. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെസി.
തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്‌സിയില്‍ കളിക്കണമെന്നും ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നുമാണ് മെസി പറഞ്ഞത്.
ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.
അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ മൂന്നാം ലോകകിരീട നേട്ടമാണിത്.
120 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 3-3 സമനിലയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ 4-2ന് തകര്‍ത്താണ് മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.