| Monday, 27th June 2016, 7:56 pm

മാജിക്ക് മറന്ന മെസ്സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പക്ഷെ ഞായറാഴ്ച ഈസ്റ്റ് റൂഥര്‍ഫോര്‍വേഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ചിലിക്കെതിരെ കണ്ടത് കളത്തിലെ മെസ്സിയെന്ന മജീഷ്യനെയല്ല. മറിച്ച് മാജിക്ക് മറന്ന മജീഷ്യനെയാണ്. തൊട്ടതെല്ലാം പിഴക്കുന്ന മെസ്സി. കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളില്ല. ഗോളിലേക്കുള്ള ഷോട്ടുകളില്ല. അളന്ന് കുറിച്ച് നല്‍കുന്ന അസിസ്റ്റുകളില്ല. പ്രതിരോധ മതിലിന് മുകളിലൂടെ പറന്ന് ഗോളിയെ കീഴ്‌പ്പെടുത്തുന്ന ഫ്രീകിക്കുകളില്ല. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് തന്നെ അവിശ്വസനീയമാം വിധം പാഴാക്കി എതിരാളികള്‍ക്ക് മേല്‍ക്കൈ സമ്മാനിക്കുന്ന മറ്റേതോ മെസ്സി.



ഹോക്ക് ഐ|വിബീഷ് വിക്രം


അസാധ്യമായ ആംഗിളുകളില്‍ നിന്ന് പന്തിനെ ഗോള്‍വര കടത്തുമ്പോള്‍, ചുറ്റിലും വലയം തീര്‍ക്കുന്ന എതിര്‍നിരയെ ഒെന്നാന്നായി മറികടന്ന് അവസാന കാവല്‍ക്കാരനെയും കീഴ്‌പ്പെടുത്തുമ്പോള്‍, സഹകളിക്കാരന് ഗോളടിക്കാനായി തളികയിലെന്നവണ്ണം പന്ത് വച്ച് നീട്ടുമ്പോള്‍, പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് ഗോളിയെ നിഷ്പ്രഭനാക്കുന്ന പനേങ്ക കിക്കുതിര്‍ക്കുമ്പോള്‍, മഴവില്‍ ചാരുത നിറയുന്ന, ഫ്രീകിക്കുകള്‍ പറന്നിറങ്ങി ഗോള്‍ വലയെ ചുംബിക്കുമ്പോള്‍..അങ്ങിനെയങ്ങിനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍.

അപ്പോഴൊക്കെയും മാധ്യമങ്ങള്‍ വലിയ കോളത്തില്‍ വാര്‍ത്തയെഴുതി അയാളെ ഇങ്ങിനെ രണ്ട് വാചകത്തില്‍ വിശേഷിപ്പിക്കും. ” മെസ്സി മാജിക്” . കളത്തിലെ മാജിക്കുകാരന്‍ എന്ന ആ വിശേഷണം മെസ്സി അര്‍ഹിക്കുന്നുമുണ്ട്. ശൂന്യതയില്‍ നിന്ന് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന മാജിക്കുകാരന്‍ ചെയ്യുന്നത് തന്നെയാണല്ലോ അയാളും ചെയ്ത് കൊണ്ടിരുന്നത്. എതിരാളികളുടെ കണ്‍വെട്ടിച്ച് കളത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുക. അത് കാണ്‍കെ കാണികളുടെ കണ്ണുകളില്‍ അതിശയപൂത്തിരി വിരീയിക്കുക.

പക്ഷെ ഞായറാഴ്ച ഈസ്റ്റ് റൂഥര്‍ഫോര്‍വേഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ചിലിക്കെതിരെ കണ്ടത് മെസ്സിയെന്ന മജീഷ്യനെയല്ല. മറിച്ച് മാജിക്ക് മറന്ന മജീഷ്യനെയാണ്. തൊട്ടതെല്ലാം പിഴക്കുന്ന മെസ്സി. കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളില്ല. ഗോളിലേക്കുള്ള ഷോട്ടുകളില്ല. അളന്ന് കുറിച്ച് നല്‍കുന്ന അസിസ്റ്റുകളില്ല. പ്രതിരോധ മതിലിന് മുകളിലൂടെ പറന്ന് ഗോളിയെ കീഴ്‌പ്പെടുത്തുന്ന ഫ്രീകിക്കുകളില്ല.

ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് തന്നെ അവിശ്വസനീയമാം വിധം പാഴാക്കി എതിരാളികള്‍ക്ക് മേല്‍ക്കൈ സമ്മാനിക്കുന്ന മറ്റേതോ മെസ്സി. അറിഞ്ഞു കേട്ട് അതിശയിപ്പിച്ച, വായിച്ചു കൊതിപ്പിച്ച, കളി കണ്ട് മനം കവര്‍ന്ന മെസ്സിയേ അല്ലായിരുന്നു അത്. മറിച്ച് വിസ്മയങ്ങളുടെ ചെപ്പ് തുറക്കുന്ന മാന്ത്രികവടി മറന്ന് വച്ച് കളിക്കാനിറങ്ങിയ മെസ്സിയെന്ന മാന്ത്രികനെയായിരുന്നു.

ടൂര്‍ണ്ണമെന്റിലുടനീളം മികച്ച് ഫോം നിലനിര്‍ത്തി അവസാന പോരിനിറങ്ങുമ്പോള്‍ കൈമലര്‍ത്തി തിരിച്ചു പോരുന്ന പതിവ് അര്‍ജന്റീനയും മെസ്സിയും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. 2014ല്‍ റിയോയിലെ മാരക്കാനയില്‍ ജര്‍മ്മനിക്കു മുന്നില്‍, 2015ല്‍ സാന്റിയാഗോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ചിലിക്ക് മുന്നില്‍ , ഇപ്പോഴിതാ ഇസ്റ്റ് റൂഥര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വീണ്ടുമതേ ചിലിക്കു മുന്നില്‍.

അവസാനകടമ്പയില്‍ തട്ടി കൂപ്പും കുത്തി വീഴുന്ന പതിവ് ചിത്രങ്ങള്‍ മായുന്നില്ല. മികവ് പൂര്‍ണ്ണ തോതില്‍ പുറത്തെടുക്കേണ്ട നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയ്ക്കും മെസ്സിക്കും എന്താണ് സംഭവിക്കുന്നത്. സമസ്യയായി തുടരുന്ന ചോദ്യമാണത്. അര്‍ജ്ന്റീനയുടെ ഓരോ പരാജയത്തിന് ശേഷവും ലോകമെങ്ങുമുള്ള ആരാധകരും കളിയെഴുത്തുകാരും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്ന ചോദ്യം. ടൂര്‍ണ്ണമെന്റിലുടനീളം പുറത്തെടുക്കുന്ന തകര്‍പ്പന്‍ പ്രകടനം കലാശക്കളിയില്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും അന്യമാവുന്നതെങ്ങിനെയാണ്.

കണക്കുകള്‍ കള്ളം പറയില്ല. ഈ കോപ്പയില്‍ തന്നെ നോക്കൂ. ഫൈനല്‍ വരെയുള്ള നാല് കളികളില്‍ നിന്നായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് അര്‍ജന്റീനയാണ്. 18 ഗോളുകള്‍. അതില്‍ ഒന്‍പത് ഗോളുകളുടെയും പിന്നില്‍ മെസ്സിയുണ്ടായിരുന്നു. ഒരു ഹാട്രിക്കടക്കം അഞ്ച് ഗോളുകള്‍ നേടിയ മെസ്സി 4 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. സമാനമായ പ്രകടനമായിരുന്നു കഴിഞ്ഞ തവണയും കോപ്പയില്‍ മെസ്സി പുറത്തെടുത്തത്. പക്ഷെ രണ്ട് തവണയും ഫൈനലില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഫലമോ, രണ്ട് തവണയും ടീം അടിയറവ് പറയുകയും ചെയ്തു.

ഗ്രൗണ്ടില്‍ മെസ്സിയെ പൂണ്ടടക്കം പൂട്ടിയിടുക എന്ന തന്ത്രം തെയായിരുന്നു ചിലിയുടേത്. പിടി വിട്ടാല്‍ കളിയെ മുഴുവനായും അടക്കി ഭരിക്കുന്ന പ്രതിഭ മെസ്സി പുറത്തെടുക്കുമെന്ന് ചിലിക്ക് നന്നയി അറിയാമിയിരുന്നു. അത് കൊണ്ട് തന്നെ മെസ്സിയെ പൂട്ടുന്ന ജോലി അവര്‍ നല്ല വണ്ണം നടപ്പിലാക്കുകയും ചെയ്തു. മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോഴേക്കും ചാടി വീഴുകയായിരുന്നു ചിലിയന്‍ താരങ്ങള്‍. അതില്‍ പ്രതിരോധ നിരയെന്നോ മധ്യനിരയെന്നോ മുന്നേറ്റ നിരയെന്നോ ഒക്കെയുള്ള വേര്‍തിരിവുകള്‍ ചിലിയന്‍ താരങ്ങള്‍ക്കിടയില്‍ ഉ്ണ്ടായിരുന്നില്ല.

ഒരു തര്‍ക്കത്തിനായി വേണമെങ്കില്‍ ന്യായീകരിക്കാം. ഇതൊക്കെ കൊണ്ട് തന്നെയല്ലേ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ മെസ്സിക്ക് കഴിയാഞ്ഞത് എന്ന്. .അപ്പോഴും ഒന്ന് രണ്ട് നല്ല അവസരങ്ങള്‍ മെസ്സിക്ക് കൈവന്നിരുന്നു എന്ന കാര്യവുമോര്‍ക്കണം. ഒന്ന് ഒരു ഫ്രീകിക്കിന്റെ രൂപത്തിലായിരുന്നേല്‍ മറ്റേത് പെനാറ്റി കിക്കായിരുന്നു. രണ്ടും കളത്തിലെ മാജിക്കുകാരനായ മെസ്സി കാണികളെ വിസ്മയിപ്പിക്കാന്‍ പുറത്തെടുക്കുന്ന ഇഷ്ട ഇനങ്ങള്‍.

പക്ഷെ മാജിക്ക് മറന്ന മജീഷ്യന് രണ്ട് തവണയും കാണികളെ വിസ്മയിപ്പിക്കാനായില്ല. ഫ്രീകിക്ക് ലക്ഷ്യം കാണാതെ പറന്നപ്പോള്‍ പെനാല്‍റ്റി, അവിശ്വസിനീയമാം വിധം പോസ്റ്റിന് വെളിയിലൂടെ കാണികള്‍ക്കിടയിലേക്ക്. മൂന്നാം തവണയും കലാശ പോരാട്ടത്തില്‍ കിരീടം നഷ്ടപ്പെട്ട് സങ്കടത്തില്‍ മെസ്സി ദേശീയ ടീം ജഴ്‌സി അണിയില്ലെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. വാര്‍ത്ത സത്യമെങ്കില്‍ തികച്ചും ബാലിശമായ തീരുമാനമെന്നേ പറയാനാവൂ. ജയവും പരാജയവും സ്‌പോര്‍ടസ്ിന്റെ ഭാഗമാണ്. തോല്‍വിയില്‍ മനംനൊന്ത് ഒളിച്ചോടുന്നത് ഭീരുത്വമാണ്.

ഇക്കാര്യത്തില്‍ സച്ചിന്റെ ലോകക്കപ്പ് നേട്ടം മെസ്സിക്ക് മാതൃകയാക്കാവുന്നതാണ്. ഇന്ത്യക്കായി റെണ്ണുകള്‍ അടിച്ച് കൂട്ടുമ്പോഴും സച്ചിന് ലോകക്കപ്പ് അപ്രാപ്യമായിരുന്നു. ഒടുവില്‍ കരിയറിന്റെ അവസാനഘട്ടത്തിലാണ് സച്ചിനെത്തേടി ലോകക്കപ്പ് നേട്ടമെത്തുന്നത്. പ്രായവും പ്രതിഭയവും മെസ്സിയില്‍ ആവോളം അവശേഷിക്കുന്നുണ്ട്. സമീപഭാവിയില്‍ തന്നെ കാലങ്ങളായുള്ള കിരീടദാരിദ്രം അവസാനിപ്പിച്ച് ആരാധകരുടെയും വിമര്‍ശകരുടെയും വായടപ്പിക്കാന്‍ ഫുട്‌ബോളിലെ മിശിഹാക്ക് സാധിക്കട്ടെ. അങ്ങിനെ മെസ്സി മാജിക്ക് എന്ന തലക്കെട്ട് വീണ്ടും വാര്‍ത്താമാധ്യമങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ ഇടം പിടിക്കട്ടെ……

We use cookies to give you the best possible experience. Learn more