ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നുംപ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ലാ ലീഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡ്രിനും വേണ്ടി ഇരുതാരങ്ങളും പലതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.
എന്നാല്‍ റൊണാള്‍ഡോക്കൊപ്പം ഒരേ ടീമില്‍ കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മെസി സംസാരിച്ചിരുന്നു. അടുത്തിടെ സ്‌പോര്‍ട്സ് ബൈബിളിന് നല്‍കിയ അഭിമുഖത്തിലാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിനൊപ്പം പന്തുതട്ടാനുള്ള ആഗ്രഹത്തെക്കുറിച്ച് മെസി സംസാരിച്ചത്.
‘തീര്‍ച്ചയായും, ഞാന്‍ എപ്പോഴും മികച്ച താരങ്ങളുമായി ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. റൊണാള്‍ഡോ അവരില്‍ ഒരാളാണ്. ഒരേ ടീമില്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഫുട്ബോളില്‍ ഞാന്‍ ഒരുപാട് താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കളത്തില്‍ ഒരുമിച്ച് വാരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മെസി പറഞ്ഞു.
സ്പാനിഷ് ലീഗില്‍ 36 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ റൊണാള്‍ഡോ 22 തവണ ലക്ഷ്യം കണ്ടപ്പോള്‍ മെസി 21 ഗോളുകളും നേടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇതുവരെ തന്റെ ഫുട്ബോള്‍ കരിയറില്‍ 800 ഗോളാണ് മെസി നേടിയിട്ടുള്ളത്.
രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് ഇപ്പോള്‍ കളിച്ചത്. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു.
പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.
Content Highlight: Messi Talking About Cristiano Ronaldo