2024 കോപ്പ അമേരിക്ക ഫൈനലില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂലൈ 15ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കൊളംബിയയുമാണ് ഏറ്റുമുട്ടുന്നത്.
കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്ന ഉറുഗ്വായെ വീഴ്ത്തിയാണ് കൊളംബിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
എന്നാല്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഈ ടൂര്‍ണമെന്റില്‍ അത്രയ്ക്കു തിളങ്ങാന്‍ സാധിച്ചിട്ടില്ല. താരം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. എന്നിരുന്നാലും അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട് മെസി തന്നെ ആണ്. ഫൈനലിന് മുന്നോടിയായി നടന്ന പ്രസ്മീറ്റില്‍ നിര്‍ണായകമായ ഒരു പ്രസതാവനയാണ് മെസി നടത്തിയത്. ഈ ടൂര്‍ണമെന്റ് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്.
‘സത്യം പറഞ്ഞാല്‍ ഈ ടൂര്‍ണമെന്റ് എന്നെ വളരെ ബുദ്ധിമുട്ടുണ്ടാകുന്നതായിരുന്നു. എന്റെ ലെവല്‍ ഇപ്പോള്‍ ഭയങ്കര ഉയരത്തിലാണ്. അതോടൊപ്പം ഗ്രൗണ്ടുകളുടെ നിലവാരം വളരെ കുറവാണ്. ഇവിടുത്തെ ടെമ്പറേച്ചറില്‍ കളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഫൈനല്‍ മത്സരത്തില്‍ ഞങ്ങള്‍ നേരിടുന്നത് കരുത്തരായ ടീമിനെ തന്നെ ആണ്, അത് കൊണ്ട് തന്നെ ഫൈനല്‍ വരെ ഞങ്ങള്‍ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്’ ഇതാണ് ലയണല്‍ മെസി പറഞ്ഞത്.
2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഡി മരിയ നേരത്തെ അറിയിച്ചിരുന്നു. അര്‍ജന്റീനക്കായി ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരങ്ങളില്‍ ഒരാളാണ് ഡി മരിയ. ഇതോടെ ഫൈനല്‍ വിജയിച്ച് കിരീടം ചൂടി താരത്തിന് യാത്ര നല്‍കാനാണ് മെസിപ്പട കളത്തില്‍ ഇറങ്ങുന്നത്.
Content Highlight: Messi Talking About Copa America