ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ട്രോഫികളും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും അര്‍ജന്റൈന്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് ലെവലില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മെസി ഏറെ കാലം കളിച്ചിരുന്നു.
ഇപ്പോള്‍ 2026 ഫുട്‌ബോള്‍ ലോകകപ്പിലും മെസി ഉണ്ടാകുമെന്നാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി പറയുന്നത്. 2022ല്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് മെസിയുടെ കീഴില്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്.
ആവേശം നിറഞ്ഞ അവസാന നിമിഷ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസി ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് മുമ്പുള്ള ലോകകപ്പില്‍ മെസിയുടെ കീഴില്‍ കിരീടം നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളാണ് മെസി നേരിടേണ്ടിവന്നത്. ഇപ്പോള്‍ വമര്‍ശനങ്ങള്‍ തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെസി.
‘എന്നെ വേട്ടയാടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കണം എന്നായിരുന്നു എന്റെ മനസില്‍. അത് കൊണ്ട് തന്നെ എനിക്ക് അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു ട്രോഫി നേടണമെന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഞാന്‍ പ്രയത്‌നിച്ചത്.
അത് ചെയ്യാന്‍ ആയില്ലെങ്കില്‍ ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നതില്‍ കാര്യമില്ലെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെ മകന്‍ എപ്പോഴും യുട്യൂബിലാണ്. ഒരു വീഡിയോ കണ്ടപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു, എന്തിനാണ് അര്‍ജന്റീനക്കാര്‍ ഇത്രയും എന്നെ താഴ്ത്തിക്കെട്ടുന്നതെന്ന്,’ ലയണല്‍ മെസി പറഞ്ഞു.
നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ കരാര്‍ നീട്ടിയ മെസി 850 കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ അര്‍ജന്റീനയുടെ ടീമില്‍ എത്തിയ മെസി 112 ഇന്റര്‍നാഷണല്‍ ഗോളുകള്‍ ടീമിനായി നേടി. ഇനി ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് 2026 ലോകകപ്പില്‍ മെസി കളത്തിലിറങ്ങുന്നത് കാണാനാണ്.
Content Highlight: Messi Talking About 2022 FIFA World Cup