| Sunday, 4th December 2022, 1:59 pm

മെസിക്ക് മുമ്പില്‍ മറഡോണയും വീണു, ഇനി ലക്ഷ്യം ബാറ്റി; ചരിത്രം കുറക്കാനൊരുങ്ങി ലിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ ഡിയാഗോ മറഡോണയെ മറികടന്ന് ലയണല്‍ മെസി. ലോകകപ്പില്‍ അര്‍ജന്റീനക്കായി നേടിയ ഗോളുകളുടെ എണ്ണത്തിലാണ് മെസി സാക്ഷാല്‍ മറഡോണയെ തന്നെ മറികടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം നേടിയ ഗോളിന് പിന്നാലെ ലോകകപ്പില്‍ അര്‍ജന്റീനക്കായി മെസിയുടെ ഗോള്‍നേട്ടം ഒമ്പതായി ഉയര്‍ന്നു. ലോകകപ്പില്‍ എട്ട് ഗോള്‍ നേടിയ നാപ്പോളി ലെജന്‍ഡിനെ മറികടന്നുകൊണ്ടാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പില്‍ അര്‍ജന്റീനയുടെ എക്കാലത്തേയും ഗോള്‍വേട്ടക്കാരനാകാന്‍ മെസിക്ക് ഇനി രണ്ട് ഗോള്‍ കൂടി വേണം. പത്ത് ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയാണ് അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍.

വരും മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി കണ്ടെത്തിയാല്‍ ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡിനൊപ്പമെത്താനും മറ്റൊരു ഗോള്‍ കൂടി നേടിയാല്‍ ബാറ്റിയെ മറികടക്കാനും മെസിക്ക് സാധിക്കും.

നിലവിലെ മെസിയുടെ ഫോമും ആദ്യ മത്സരത്തിലേറ്റ തോല്‍വിയെ മറികടക്കുന്ന ടീമിന്റെ ഒത്തൊരുമയും കണക്കിലെടുക്കുമ്പോള്‍ താരം ബാറ്റിയുടെ റെക്കോഡ് മറികടക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

തന്റെ കരിയറിലെ ആയിരാമത് മത്സരത്തിനായിരുന്നു മെസി കഴിഞ്ഞ ദിവസം ബൂട്ടുകെട്ടിയത്. ആ മത്സരത്തില്‍ ഗോള്‍ നേടാനും മെസിക്ക് സാധിച്ചു.

പ്രീ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതിന് പിന്നാലെ ഒരു ചീത്തപ്പേരിന് വിരാമമിടാനും മെസിക്ക് സാധിച്ചു. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ഒറ്റ ഗോള്‍ പോലും കണ്ടെത്താന്‍ സാധിച്ചില്ല എന്ന ചീത്തപ്പേരാണ് മെസി മറികടന്നത്.

2006 മുതല്‍ ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും 2014 ലോകകപ്പില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നുവെങ്കിലും നോക്കൗട്ടില്‍ ഗോള്‍ നേടാന്‍ മെസിക്ക് ഇതുവരെ സാധിച്ചിട്ടില്ലായിരുന്നു.

മെസിയുടെ ലോകകപ്പ് ഗോളുകള്‍

1. 2006 ലോകകപ്പ്, ജര്‍മനി | vs സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോ (ഗ്രൂപ്പ് സ്റ്റേജ്)

2. 2014 ലോകകപ്പ്, ബ്രസീല്‍ | vs ബോസ്‌നിയ (ഗ്രൂപ്പ് സ്റ്റേജ്)

3. 2014 ലോകകപ്പ്, ബ്രസീല്‍ | vs ഇറാന്‍ (ഗ്രൂപ്പ് സ്റ്റേജ്)

4. 2014 ലോകകപ്പ്, ബ്രസീല്‍ | vs നൈജീരിയ (ഗ്രൂപ്പ് സ്റ്റേജ്)

5. 2014 ലോകകപ്പ്, ബ്രസീല്‍ | vs നൈജീരിയ (ഗ്രൂപ്പ് സ്റ്റേജ്)

6. 2018 ലോകകപ്പ്, റഷ്യ | vs നൈജീരിയ (ഗ്രൂപ്പ് സ്റ്റേജ്)

7. 2022 ലോകകപ്പ്, ഖത്തര്‍ | vs സൗദി അറേബ്യ (ഗ്രൂപ്പ് സ്റ്റേജ്)

8. 2022 ലോകകപ്പ്, ഖത്തര്‍ | vs മെക്‌സിക്കോ (ഗ്രൂപ്പ് സ്റ്റേജ്)

9. 2022 ലോകകപ്പ്, ഖത്തര്‍ | vs ഓസ്‌ട്രേലിയ (നോക്കൗട്ട്)

Content Highlight: Messi Surpasses Maradona

We use cookies to give you the best possible experience. Learn more