എന്ത് ചെയ്യാം... ഗോട്ടായിപ്പോയില്ലേ 🐐🐐; റൊണാള്‍ഡോയെ വീഴ്ത്തി മെസി, ഒന്നാമതെത്താന്‍ CR7 നേടേണ്ടത് രണ്ട് ലോകറെക്കോഡ്
Sports News
എന്ത് ചെയ്യാം... ഗോട്ടായിപ്പോയില്ലേ 🐐🐐; റൊണാള്‍ഡോയെ വീഴ്ത്തി മെസി, ഒന്നാമതെത്താന്‍ CR7 നേടേണ്ടത് രണ്ട് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd August 2023, 12:09 pm

ഗിന്നസ് റെക്കോഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. തന്റെ 41ാമത് ഗിന്നസ് റെക്കോഡ് നേട്ടത്തിന് പിന്നാലെയാണ് മെസി പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലിനെ മറികടന്നത്. ഇതോടെ ഏറ്റവുമധികം ഗിന്നസ് റെക്കോഡുള്ള ഫുട്‌ബോളര്‍ എന്ന നേട്ടവും മെസിയെ തേടിയെത്തി.

ലീഗ്‌സ് കപ്പില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസി ഈ നേട്ടം കുറിച്ചത്. റോബര്‍ട്ട് ടെയ്‌ലറിന്റെ അസിസ്റ്റില്‍ മത്സരത്തിന്റെ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് റെക്കോഡിന് വഴിവെച്ചത്.

ഇതോടെ അമേരിക്കന്‍ ഹിസ്റ്ററിയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ലൈവ് ഇവന്റ് എന്ന നേട്ടമാണ് ആ ഗോളിനെ തേടിയെത്തിയത്. 3.4 ബില്യണ്‍ ആളുകളാണ് ഈ ഗോള്‍ ലൈവ് കണ്ടതെന്നാണ് കണക്കാക്കുന്നത്. ഇതിന് പിന്നാലെയാണ് മെസിയെ തേടി റെക്കോഡ് നേട്ടമെത്തിയതും റൊണാള്‍ഡോയെ മറികടന്നതും.

മെസിയുടെ 41ാം ഗിന്നസ് നേട്ടമാണിത്. ഇതിന് പുറമെ ഒരു ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം (അഞ്ച് ഗോള്‍, ബയേണ്‍ ലെവര്‍കൂസനെതിരെ), ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം (26), ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം (86 ഗോള്‍, 2012ല്‍) തുടങ്ങിയ നേട്ടങ്ങളും മെസിയുടെ പേരിലുണ്ട്.

ഏറ്റവുമധികം ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കിയ ഫുട്‌ബോള്‍ താരങ്ങള്‍

ലയണല്‍ മെസി – 41

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 40

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 9

കിലിയന്‍ എംബാപ്പെ – 5

നെയ്മര്‍ ജൂനിയര്‍ – 4

അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്റര്‍ മയാമിയുടെ വിജയം. മെസിക്ക് പുറമെ റോബര്‍ട് ടെയ്‌ലറും ഇരട്ട ഗോള്‍ നേടിയതോടെയാണ് മയാമി അനായാസ വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ മെസിയിലൂടെ ലീഡ് നേടിയ ഇന്റര്‍ മയാമി 22ാം മിനിട്ടില്‍ ലീഡ് ഇരട്ടിയാക്കി. മെസി തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍.

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ റോബര്‍ട് ടെയ്‌ലറിലൂടെ ഇന്റര്‍ മയാമി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി ആരംഭിച്ച് എട്ടാം മിനിട്ടില്‍ ടെയ്‌ലര്‍ വീണ്ടും വലകുലുക്കിയതോടെ മയാമിയുടെ പേരില്‍ നാല് ഗോളും പിന്നാലെ വിജയവും കുറിക്കപ്പെടുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ലീഗ്‌സ് കപ്പിലെ ഗ്രൂപ്പ് ജെ-യില്‍ ഒന്നാമതെത്താനും മയാമിക്കായി. രണ്ട് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് മെസിക്കും സംഘത്തിനുമുള്ളത്.

ആഗസ്റ്റ് മൂന്നിനാണ് ഇന്റര്‍മയാമിയുടെ അടുത്ത മത്സരം. ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ഐ-യിലെ ഒന്നാം സ്ഥാനക്കാരായ ഓര്‍ലാന്‍ഡോ സിറ്റിയാണ് എതിരാളികള്‍. ഇന്റര്‍ മയാമിയുടെ ഹോം സ്‌റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

 

 

Content highlight: Messi surpasses Cristiano Ronaldo in Guinness Record