കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തുടര്‍ച്ചയായ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ടീം അര്‍ജന്റീനയുടെ കുതിപ്പ്. തങ്ങളുടെ ടീമിനെ ഇത്രക്ക് ശക്തരാക്കിയതിന് പിന്നില്‍ വലിയ കാരണമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി.
2019ലെ കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോട് തോറ്റതാണ് ടീമിന് അപരാജിത കുതിപ്പ് സമ്മാനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
”2019 കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയതിന് ശേഷം ഈ ടീം കൂടുതല്‍ കരുത്തരായി മാറുകയായിരുന്നു.
അതിന് ശേഷം ആര്‍ജിച്ചതെല്ലാം നേടിയെടുക്കാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. 2014ലെ ലോകകപ്പ് ടീമുമായി ഇപ്പോഴത്തെ ടീമിന് ഒരുപാട് സാമ്യതയുണ്ട്. മികച്ചൊരു ഗ്രൂപ്പും അവരുടെ മാനസികമായ കരുത്തും, അതാണ് വളരെ പ്രധാനപ്പെട്ട കാര്യം.
2014ലെ ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു ഞങ്ങള്‍ കാഴ്ചവെച്ചിരുന്നത്. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. അതെനിക്ക് ഒത്തിരി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഞങ്ങളുടെ ടീമിനെ ഒന്നുകൂടി കൂട്ടിയൊരുമിപ്പിച്ചതും ആ ലോകകപ്പായിരുന്നു.
അത് നമ്മളെ വിജയലക്ഷ്യത്തിലേക്കെത്തിക്കും. ഈ സ്‌ക്വാഡുമായി വളരെ അടുത്ത സാമ്യതയാണ് അന്നത്തെ ടീമിനുണ്ടായിരുന്നത്,’ മെസി വ്യക്തമാക്കി.
ടീമിനൊരു സ്വപ്നമുണ്ടെന്നും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് അത്ര എളുപ്പമായിരിക്കില്ലെന്നും കൂടുതല്‍ ശക്തരായി തന്നെയാണ് മത്സരത്തിനിറങ്ങുകയെന്നും മെസി വ്യക്തമാക്കി.
2019ന് ശേഷം ഒരൊറ്റ മത്സരത്തില്‍ പോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീം അര്‍ജന്റീനക്ക് വിശ്വകിരീടം നേടാനായാല്‍ അത് ചരിത്ര മുഹൂര്‍ത്തമായിരിക്കും. ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ അറിയിച്ചതിനാല്‍ ആ വിശേഷണം കൂടിയുണ്ടാകും ഖത്തര്‍ ലോകകപ്പിന്.
നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്‌സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.