ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് സ്വന്തമാക്കിയതോടെ തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസി. ലോകകപ്പ് കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ ക്ലബ്ബ്, രാജ്യാന്തര കരിയറിലെ മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കാൻ സാക്ഷാൽ മെസിക്കായി.
ഇതൊടെ താരം ഉടൻ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും താരം ഇപ്പോഴും പ്രൊഫഷണൽ ഫുട്ബോളിൽ സജീവമായി തുടരുകയാണ്. എന്നാലിപ്പോൾ മെസി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സലോണ താരവും റയൽ മാഡ്രിഡ് പരിശീലകനുമായിരുന്ന ബെർണ്ട് സ്വിറ്റ്സർ.
മെസി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്നും എന്നാൽ താരത്തിന് വിരമിക്കാൻ പറ്റിയ സമയം ഇതാണെന്നുമാണ് ബെർണ്ട് സ്വിറ്റ്സർ അഭിപ്രായപ്പെട്ടത്.
മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസിയെപറ്റിയുള്ള അഭിപ്രായങ്ങൾ പറഞ്ഞത്.
“മെസിക്ക് ഇനിയും കുറച്ച് വർഷങ്ങൾ കൂടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും.
പക്ഷെ അദ്ദേഹം അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഉടൻ വിരമിക്കണം. അതിന് പറ്റിയ സമയമാണിത്. മെസിയെ ലോകകപ്പ് കിരീടം ചൂടി അർജന്റീനയുടെ ജേഴ്സിയിൽ കാണുന്ന ദൃശ്യം എല്ലാവരുടെയും മനസ്സിലുണ്ട്. ആ ദൃശ്യത്തോടെ തന്നെ അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നതാവും ഉചിതം,’ ബെർണ്ട് സ്വിറ്റ്സർ പറഞ്ഞു.
“അദ്ദേഹം ലോകകപ്പ് നേടിയ ദൃശ്യം എന്റെ മനസ്സിൽ വളരെ മനോഹരമായൊരു കാഴ്ചയായി നിലനിൽക്കുകയാണ്. മറഡോണയുടെ 1986ലെ ലോകകപ്പും ഇതേ അനുഭവം തന്നെയാണ് എനിക്ക് നൽകിയത്. അതിനെ വാക്കുകൾ കൊണ്ട് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. ഞാൻ അർജന്റീനയുടെ വലിയൊരു ആരാധകനാണ്,’ സ്വിറ്റ്സർ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 19ന് ഇന്ത്യൻ സമയം വൈകിട്ട് 5:30ന് ലോസ്ക് ലില്ലിക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മാർച്ച് ഒമ്പതിനാണ് പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം.
Content Highlights:Messi should retire anyway; said Bernd Schuster