'കുള്ളന്‍, അഴുക്കുചാലിലെ ചെള്ള്'; മെസിയെ അധിക്ഷേപിച്ച് ബാഴ്‌സ ഉദ്യോഗസ്ഥര്‍; ചാറ്റ് പുറത്ത്
Football
'കുള്ളന്‍, അഴുക്കുചാലിലെ ചെള്ള്'; മെസിയെ അധിക്ഷേപിച്ച് ബാഴ്‌സ ഉദ്യോഗസ്ഥര്‍; ചാറ്റ് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 1:40 pm

സൂപ്പര്‍താരം ലയണല്‍ മെസിയെ ബാഴ്‌സലോണ ഉദ്യോഗസ്ഥര്‍ അധിക്ഷേപിക്കുന്ന ചാറ്റ് ലീക്കായി. ബാഴ്‌സലോണയുടെ മുന്‍ ലീഗല്‍ സര്‍വീസ് ഹെഡ് ഗോമസ് പോന്റി തങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശങ്ങളടങ്ങിയ ചാറ്റാണ് പുറത്തായത്.

മെസിയുടെ ബാഴ്‌സലോണയിലെ അവസാന നാളുകള്‍ വളരെയധികം കടുപ്പമേറിയതായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എഫ്.സി ബാഴ്‌സലോണ സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു.

തുടര്‍ന്ന് താരങ്ങളുടെ വേതനം കുറക്കുമെന്ന തീരുമാനം ബാഴ്‌സ അറിയിച്ചെങ്കിലും മെസി അതിന് വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല തന്റെ സുഹൃത്തായ സുവാരസിന്റെയും വേതനം കുറക്കാന്‍ മെസി സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചാറ്റാണ് പുറത്തായിരിക്കുന്നത്. ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ത്തോമു, മുന്‍ സി.ഇ.ഒ ഓസ്‌കാര്‍ ഗ്രൗ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോര്‍ധി മോയിക്‌സ്, ഓറിയോല്‍ തോമസ്, ഡേവിഡ് മല്ലര്‍ എന്നിവരടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മെസിയെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ പങ്കുവെച്ചത്.

‘ബാര്‍ത്തോ, ആ അഴുക്കുചാലിലെ ചെള്ളിനോട് ഇത്ര മാന്യമായി സംസാരിക്കേണ്ട കാര്യമൊന്നുമില്ല. ക്ലബ്ബ് അവന് എല്ലാം നല്‍കിയിരുന്നു. എല്ലാ ഇളവുകളും നല്‍കി.

അവന്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെന്ന് മാത്രമല്ല, സുവാരസിന്റെ വേതനം കുറക്കാനും സമ്മതിക്കുന്നില്ല. എല്ലാത്തിലുപരി ക്ലബ്ബ് വിട്ടുപോകുമെന്ന ആ ഹോര്‍മോണല്‍ കുള്ളന്റെ ഭീഷണികളും,’ ഇങ്ങനെയായിരുന്നു പോന്റിയുടെ വാക്കുകള്‍

പോന്റിയുടെ സന്ദേശങ്ങളോട് യോജിക്കുന്നതായിരുന്നു മുന്‍ ബാഴ്‌സ സി.ഇ.ഒ ഓസ്‌കാര്‍ ഗ്രോവിന്റെ വാക്കുകള്‍. എന്നാല്‍ നിങ്ങളോട് യോജിക്കുന്നുണ്ടെന്നും എന്നാല്‍ ഇത്തരം എഴുത്തുകള്‍ ബാഴ്‌സയുടെ പ്രതിഛായയെ ബാധിക്കുമെന്നാണ് ബാര്‍ത്തോമു മറുപടി നല്‍കിയത്

2021ലെ ഈ ചാറ്റ് പുറത്തായതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Content Highlights: Messi should never go back to Barcelona where ex legal service head called him sewer rat