ഖത്തർ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ മൂന്നാം ലോക കിരീടത്തിൽ മുത്തമിട്ടിരുന്നു. മറഡോണ, ലോകകിരീടം ബ്യൂണസ് ഐറിസിൽ എത്തിച്ചതിന് ശേഷം നീണ്ട 36 വർഷത്തിന് ശേഷമാണ് മെസിയും സംഘവും വീണ്ടുമൊരു ലോക കിരീടം കൂടി തങ്ങളുടെ മണ്ണിലേക്കെത്തിച്ചത്.
എന്നാൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടീനെസ് ഫ്രഞ്ച് യുവതാരമായ കിലിയൻ എംബാപ്പെയെ നിരവധി സന്ദർഭങ്ങളിൽ പരസ്യമായി പരിഹസിച്ചിരുന്നു.
ലോകകപ്പ് വേദിയിലും ഡ്രസിങ് റൂമിലും ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന വിക്ടറി പരേഡിലും എംബാപ്പെയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മാർട്ടീനെസിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പൊൾ മർട്ടീനെസ് വിഷയത്തിൽ മെസി നിശബ്ദനായിട്ടിരുന്നെന്നും ഒരു പ്രതികരണവും നടത്തിയില്ലെന്നും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവേഫ പ്രസിഡന്റായ അലക്സാണ്ടർ സെഫെറിൻ.
മെസി വിഷയത്തിൽ മൗനം പാലിക്കരുതായിരുന്നെന്നും എന്തെങ്കിലും പറയണമായിരുന്നെന്നുമാണ് സെഫെറിൻ അഭിപ്രായപ്പെട്ടത്. മാർക്കയാണ് സെഫെറിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘മെസി എന്തെങ്കിലും പറയണമായിരുന്നു. മാർട്ടീനെസിനോട് അദ്ദേഹത്തിന്റെ ചെയ്തികൾ നിർത്താനും കുറച്ച് ബഹുമാനം എംബാപ്പെക്ക് നൽകാനും മെസിക്ക് ആവശ്യപ്പെടാമായിരുന്നു,’ അലക്സാണ്ടർ സെഫെറിൻ പറഞ്ഞു.
“മാർട്ടീനെസ് പെനാൽറ്റികളോട് പ്രതികരിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ കണ്ടോ? അദ്ദേഹം എംബാപ്പെയെ പരിഹസിച്ചത് എന്തിനെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അത് എന്തായാലും സ്പോർട്സ്മാൻ സ്പിരിറ്റല്ല. തികച്ചും ബാലിശമായ അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്,’ സെഫെറിൻ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാർ ഈ സീസണിൽ അവസാനിക്കുന്ന മെസി ക്ലബ്ബുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറും.