ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനായി റൊസാരിയോ തെരുവിന്റെ മിശിഹക്കൊപ്പം അര്‍ജന്റീന കളത്തിലിറങ്ങാന്‍ പോകുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആ മത്സരത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
അവസാനത്തേതെന്ന് മെസി തന്നെ പറഞ്ഞ ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ ഓരോ മാച്ചും മെസി ആരാധകര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഓരോ ഫുട്‌ബോള്‍ പ്രേമിക്കും അത്രക്കും ആകാംക്ഷയുണര്‍ത്തുന്നതായിരിക്കും.
തന്റെ അവസാന ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് അര്‍ജന്റീനിയന്‍ ജേഴ്‌സിയണഞ്ഞ് കളത്തിലിറങ്ങിയതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോയുമായി മെസി വന്നിരിക്കുകയാണ് ഇപ്പോള്‍. ഏറ്റവും മികച്ച ഗോളുകളും കോപ്പ അമേരിക്ക കപ്പ് ഉയര്‍ത്തിയതുമടക്കം ഒരു മിനിട്ടുള്ള വീഡിയോയില്‍ കടന്നുവരുന്നത് ഏറെയാണ്.
‘ഈ രാജ്യത്തിനൊപ്പം കളിച്ചതിന്റെ ഒരുപാട് ഓര്‍മകള്‍ എനിക്കുണ്ട്. അതില്‍ നല്ല ഓര്‍മകളുണ്ട്, അത്ര നല്ലതല്ലാത്ത ഓര്‍മകളുമുണ്ട്. പക്ഷെ ദേശീയ ടീമിനൊപ്പം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നത് അന്നും ഇന്നും എന്നും അഭിമാനം തന്നെയാണ്.
നിറഞ്ഞ ആവേശത്തോടെ അടുത്ത ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍. നമുക്ക് ഒരുമിച്ച് നടക്കാം,’ എന്ന വാക്കുകളോടെയാണ് മെസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൗദി അറേബ്യയുമായി ചൊവ്വാഴ്ചയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മാച്ച്. മെക്‌സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്‌സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.
നേരത്തെ മാച്ചിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന കാര്യം മെസി ഉറപ്പിച്ചു പറഞ്ഞത്.
‘കരിയറിലുടനീളം ചെയ്തതുപോലെ ഈ ടൂര്‍ണമെന്റിനായും കഴിയാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. അല്ലാതെ പ്രത്യേകമായി ഈ ലോകകപ്പിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നാല്‍ ശാരീരികമായും മാനസികമായും സന്തോഷമായാണ് ഞാന്‍ ഖത്തറിലെത്തിയത്.
ഇതൊരു പ്രത്യേക നിമിഷമാണ്. മിക്കവാറും ഇതെന്റെ അവസാന ലോകകപ്പായിരിക്കും. എന്റെ സ്വപ്നം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള എന്റെ അവസാന അവസരമാണിത്,’ മെസി പറഞ്ഞു.
നിലവിലെ സ്‌ക്വാഡില്‍ വിശ്വാസമുണ്ടെന്നും 2014ലെ ലോകകപ്പ് സ്‌ക്വാഡിനെ ഓര്‍മിപ്പിക്കും വിധമാണ് ഈ ടീമിനെ കാണുന്നതെന്നും മെസി പറഞ്ഞു.
‘ഈ സ്‌ക്വാഡ് എനിക്ക് 2014ലെ ടീമിന്റെ ഓര്‍മകള്‍ നല്‍കുന്നു, അത് വളരെ ശക്തമായ ടീമായിരുന്നു.
ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യത്തിലായിരുന്നു, ഒരോ മത്സരത്തിലും എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തതയുണ്ടായിരുന്നു. നിലവില്‍ ടീമിന്റെ മികച്ച ഫോം ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്,’ മെസി പറഞ്ഞു.
താന്‍ കാരണം അര്‍ജന്റീന ലോകകപ്പ് നേടണമെന്ന് അര്‍ജന്റീനക്കാരല്ലാത്ത പലരും ആഗ്രഹിക്കുന്നത് സന്തോഷകരമാണ്. അതില്‍ താന്‍ നന്ദിയുള്ളവനാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഖത്തറിലേത്. അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിക്കുന്ന താരവുമാണ് മെസി.
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ഇത്തവണ ഖത്തര്‍ ലോകകപ്പിനിറങ്ങുന്നത്. തുടര്‍ച്ചയായി പരാജയം അറിയാതെ മെസിക്കും സംഘത്തിനും മുന്നേറാനായത് ഖത്തറിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Messi shares an emotional note and video about his journey with Argentina National team