|

നിങ്ങളോടൊപ്പമാണ് ഞാന്‍ ആസ്വദിച്ച് കളിച്ചത്, നിങ്ങള്‍ ഒരു ഇതിഹാസമാണ്: ചര്‍ച്ചയായി മെസിയുടെ ഇന്‍സ്റ്റഗ്രാം സന്ദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സലോണയുടെയും സ്പെയിനിന്റെയും ഇതിഹാസം താരമായ ആന്‍ഡ്രീസ് ഇനിയേസ്റ്റ കഴിഞ്ഞ ദിവസം ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ ഇനിയേസ്റ്റ നേരത്തെ വിരമിക്കുമെന്ന് സൂചന നല്‍കിയിരുന്നു.

ലയണല്‍ മെസിക്കൊപ്പം ബാഴ്‌സിലോണയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇനിയേസ്റ്റ. ഇരുവരും ബാഴ്സയ്ക്ക് വേണ്ടി ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് ബാഴ്‌സലോണ ഒരുപാട് നേട്ടങ്ങളും സ്വന്തമാക്കിയത്.

ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുന്നതിന്റെ ഭാഗമായി ഇനിയേസ്റ്റയ്ക്ക് മെസി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സന്ദേശം അയച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നതും ഇത് തന്നെയാണ്.

മെസിയുടെ ഇന്‍സ്റ്റഗ്രാം സന്ദേശം

‘എന്റെ കൂടെ കളിച്ചവരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച താരം, എന്നോടൊപ്പം കളിച്ചവരില്‍ ഏറ്റവും കൂടുതല്‍ മാജിക് കാണിച്ച താരം, തീര്‍ച്ചയായും ഫുട്‌ബോള്‍ നിങ്ങളെ മിസ് ചെയ്യും. ഞങ്ങളെല്ലാവരും നിങ്ങളെ മിസ് ചെയ്യും. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളൊരു അത്ഭുതപ്രതിഭാസമാണ് ,’ഇനിയേസ്റ്റയെ മെന്‍ഷന്‍ ചെയ്ത് മെസി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ഇനിയേസ്റ്റയുടെ പ്രകടനം

ഫുട്ബോള്‍ കരിയറില്‍ ഇനിയേസ്റ്റ ഒമ്പത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ട്രോഫികളും ഫിഫയുടെ മൂന്ന് ക്ലബ് ലോകകപ്പുകളും ഏഴ് സ്പാനിഷ് സൂപ്പര്‍ കപ്പുകളും നേടിയിട്ടുണ്ട്.

ബാഴ്സലോണക്കൊപ്പം ഐതിഹാസികമായ ഒരു കരിയര്‍ ആണ് താരം ഉയര്‍ത്തിക്കെട്ടിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 674 മത്സരങ്ങളില്‍ നിന്ന് 135 ഗോളുകളാണ് താരം നേടിയത്.

Content Highlight: Messi sent a message to Iniesta through his Instagram as part of his retirement from football