പാരീസ്: ബാഴ്‌സ വിടേണ്ടി വന്നതില്‍ അതിയായ സങ്കടമുണ്ടെന്ന് സൂപ്പര്‍ താരം മെസി. കരിയര്‍ ആരംഭിച്ചത് മുതല്‍ കളിച്ചു വളര്‍ന്ന ടീമില്‍ നിന്നും പോവേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്നും എന്നാല്‍ പി.എസ്.ജിയിലെ പരിചിതമായ മുഖങ്ങള്‍ കണ്ടപ്പോള്‍ ദുഃഖത്തിന് അയവു വന്നെന്നും താരം പറയുന്നു.
‘കോപ്പയ്ക്ക് ശേഷം തിരിച്ചെത്തി പുതിയ സീസണിനുള്ള പരിശീലനം തുടങ്ങാനായിരുന്നു എന്റെ പ്ലാന്‍. കരാറൊപ്പിടുന്നതുമായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. കരാറില്‍ എന്റെ ഒപ്പ് മാത്രമായിരുന്നു ബാക്കിയുള്ളത് എന്നായിരുന്നു എന്റെ ധാരണ.
എന്നാല്‍ ബാഴ്‌സയിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബാഴ്‌സയ്ക്ക് ഞാന്‍ താങ്ങാവുന്നതിനുമപ്പുറമായിരുന്നു. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നു,’ മെസി പറയുന്നു.
പി.എസ്.ജിയുമായി കരാറിലെത്തിയപ്പോഴാണ് സങ്കടത്തിന് കുറച്ചെങ്കിലും കുറവ് വന്നെതെന്ന് താരം പറയുന്നു.
‘പി.എസ്.ജിയില്‍ എല്ലാം പരിചിതമായ മുഖങ്ങളായിരുന്നു. പലരും കൂടെ മുന്‍പ് കളിച്ചവര്‍, പലരും സ്പാനിഷ് സംസാരിക്കുന്നവര്‍. നെയ്മര്‍, ഡി മരിയ, പരേദസ് എല്ലാവരും ഞാന്‍ ക്ലബിലെത്തിയ കാലം മുതല്‍ കൂട്ടായുണ്ട്.
പാരീസിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ അല്‍പം പ്രയാസമുണ്ട്, എന്നാല്‍ പി.എസ്.ജിയില്‍ ചേര്‍ന്നത് ഒരിക്കലും ഒരു തെറ്റായി തോന്നിയിട്ടില്ല,’ മെസി പറഞ്ഞു.