ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ സൂപ്പർ താരങ്ങളായ നെയ്മർക്കും എംബാപ്പെക്കുമൊപ്പം കളിക്കുകയാണ് മെസി.
വരുന്ന ജൂൺ മാസത്തോടെ പി. എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസി പാരിസ് വിട്ടേക്കുമെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകളാണ് രംഗത്തുള്ളത്.
ബാഴ്സലോണ, ഇന്റർ മിലാൻ, അൽ ഹിലാൽ, ഇന്റർ മിയാമി മുതലായ ക്ലബ്ബുകളാണ് താരത്തെ സ്വന്തമാക്കാനായി മുൻ പന്തിയിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മെസിയെ തിരികേയെത്തിക്കാൻ അദ്ദേഹം തന്റെ പിതാവ് കൂടിയായ ജോർജ് മെസിയോട് ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
കാറ്റലോണിയ റേഡിയോയാണ് മെസി തന്റെ പിതാവിനോട് തന്നെ ബാഴ്സയിലേക്ക് തിരികേയെത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ബാഴ്സക്ക് ലഭിച്ചിരിക്കുന്ന ഫിനാൻഷ്യൽ ഫെയർ പ്ലെ മുന്നറിയിപ്പുകൾ മെസിയെ സൈൻ ചെയ്യുന്നതിൽ നിന്നും ബാഴ്സലോണയെ തടയുന്നതിന് കാരണമായേക്കാം.
സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ നിശ്ചയിച്ച പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചതിനാൽ സൈനിങ്ങുകൾ നടത്തുന്നതിലും മറ്റും ഒരു പരിധിയിൽ കൂടുതൽ പണം പറഞ്ഞിരുന്നു ബാഴ്സലോണക്ക് മേൽ നിയന്ത്രണങ്ങളുണ്ട്.
കൂടാതെ മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്ന് ക്ലബ്ബ് പ്രസിഡന്റായ ജോൻ ലപ്പോർട്ട ആവശ്യപ്പെട്ടിരുന്നു.
“ഞാൻ ജോർജ് മെസിയെ കണ്ടിരുന്നു. ഞങ്ങൾ ലോകകപ്പിനെക്കുറിച്ചും മെസിക്ക് വേണ്ടി ഒരു ട്രിബ്യൂട്ട് മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ പി.എസ്.ജിയിൽ കളിക്കുകയാണല്ലോ അത് കൊണ്ട് മെസി ബാഴ്സയിലേക്കെത്തുമോ, ഇല്ലയോ എന്നതിനെക്കുറിച്ച് ഞാൻ തത്ക്കാലം ഒന്നും പറയുന്നില്ല,’ ലപ്പോർട്ട പറഞ്ഞു.
അതേസമയം മെസിയുടെ ക്ലബ്ബായ പി.എസ്. ജി നിലവിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.