| Wednesday, 20th September 2023, 12:57 pm

'റൊണാള്‍ഡോയെ ഒഴിവാക്കാന്‍ കാരണം അവന്‍ എന്നെ പോലെ മികച്ചവനാണ്'; ചര്‍ച്ചയായി മെസിയുടെ പഴയ അഭിമുഖം

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്നവരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഒരു പതിറ്റാണ്ടിലധികം കാലം ഫുട്‌ബോളിനെ ഡിഫൈന്‍ ചെയ്ത പേരുകളാണ് അര്‍ജന്റൈന്‍ നായകന്‍ മെസിയുടെയും പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും.

ആരാധകര്‍ക്കിടിയില്‍ ഇരുതാരങ്ങളുടെയും പോര് പഞ്ഞുള്ള ചേരിപ്പോര് പതിവാണെങ്കിലും ഇരുവര്‍ക്കും പകരക്കാരാവാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന കാര്യത്തില്‍ രണ്ട് ആരാധകരും ഒറ്റക്കെട്ടാണ്. മെസിയുടെയും റൊണാള്‍ഡോയുടെയും പ്രൈം ടൈമില്‍ ഇരുവരുടെയും മത്സരം കാണുക എന്നത് വരും തലമുറയ്ക്ക് കിട്ടാത്ത ഒരു ഭാഗ്യം തന്നെയാണ്.

കളിക്കളത്തിലെ ഇരുവരുടെയും റൈവല്‍റി പോലെ തന്നെ ഇരുവര്‍ക്കുമിടയിലുള്ള മ്യൂച്ചല്‍ റെസ്‌പെക്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ഒരു അഭിമുഖത്തില്‍ താനല്ലാതെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പേര് പറയാന്‍ വേണ്ടി മെസിയോടാവശ്യപ്പെട്ടിരുന്നു. നെയ്മര്‍, എംബാപ്പെ, ഹസാര്‍ഡ് അടക്കമുള്ളവരുടെ പേരുകളായിരുന്നു മെസി പറഞ്ഞിരുന്നത്.

‘ഒരുപാട് മികച്ച താരങ്ങളുണ്ട്, നെയ് (നെയ്മര്‍ ജൂനിയര്‍), എംബാപ്പെ, ഈഡന്‍ ഹസാര്‍ഡ്, ലൂയീസ് സുവാരസ്, കുന്‍ (സെര്‍ജിയോ അഗ്യൂറോ)….’ മെസി പറഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ മെസിയുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് റൊണാള്‍ഡോയുടെ പേര് വിട്ടുപോയോ എന്ന് ഇന്റര്‍വ്യൂവര്‍ ചോദിച്ചു.

‘താങ്കള്‍ ഒരുപാട് താരങ്ങളുടെ പേര് പറഞ്ഞു. എന്നാല്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കാറുള്ള ഒരാളുടെ പേര് പറയാന്‍ വിട്ടുപോയി. റൊണാള്‍ഡോ,’ എന്നായിരുന്നു അവതാരകന്‍ മെസിയെ ഓര്‍മിപ്പിച്ചത്.

ഇതിന് മെസി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാകുന്നത്.

‘ഈ ലിസ്റ്റില്‍ നിന്നും ഞാന്‍ റൊണാള്‍ഡോയെ ഒഴിവാക്കാന്‍ കാരണം അവനെന്നെ പോലെ മികച്ചവനായതുകൊണ്ടാണ്,’ മെസി പറഞ്ഞു. മെസിയുടെ വാക്കുകളെ കയ്യടികളോടെയാണ് ഇന്റര്‍വ്യൂവര്‍മാര്‍ ഏറ്റെടുത്തത്.

അതേസമയം, ഇരുവരും തങ്ങളുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടിരുന്നു. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലും റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലുമാണ് ഇപ്പോള്‍ ബൂട്ടുകെട്ടുന്നത്.

തോല്‍വിയുടെ പടുകുഴില്‍ വീണുകിടന്നിരുന്ന ഇന്റര്‍ മയാമിക്ക് മെസി അവരുടെ ചരിത്രത്തിലെ തന്നെ ആദ്യ കിരീടം നേടിക്കൊടുത്തപ്പോള്‍ അറേബ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പ് നേടിക്കൊടുത്താണ് റൊണാള്‍ഡോ അല്‍ നസറിന്റെ കുതിപ്പില്‍ നിര്‍ണായകമാകുന്നത്.

അതേസമയം, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും റൊണാള്‍ഡോ അല്‍ നസറിനെ കൈപിടിച്ചുനടത്തുകയാണ്. കഴിഞ്ഞ ദിവസം പെര്‍സപൊലിസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചാണ് അല്‍ നസര്‍ ചാമ്പ്യന്‍ഷിപ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

Content highlight: Messi’s response about Cristiano Ronaldo goes viral

We use cookies to give you the best possible experience. Learn more