അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് എം.എല്‍.എസ് ലീഗില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ മയാമിക്കായി കളിച്ച നാല് മത്സരങ്ങളിലും ഗോള്‍ നേടി ക്ലബ്ബിനെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം എഫ്.സി ഡല്ലാസിനെതിരെ നടന്ന മത്സരം വലിയ ശ്രദ്ധ നേടിയിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ലോകകപ്പിന് ശേഷം ഇത്ര സമ്മര്‍ദത്തിലാക്കിയ മറ്റൊരു മത്സരം ഉണ്ടായിട്ടില്ലെന്നാണ് ഡല്ലാസിനെതിരായ മയാമിയുടെ മത്സരത്തിന് ശേഷം ആരാധകര്‍ അഭിപ്രായപ്പെട്ടത്.
മത്സരത്തിന് ദിവസങ്ങള്‍ മുമ്പ് എഫ്.സി ഡല്ലാസിന്റെ പരിശീലകന്‍ നിക്കോളാസ് എസ്‌റ്റെവെസ് മെസിയെ വെല്ലുവിളിച്ചിരുന്നു. മത്സരത്തില്‍ താരത്തെ ഏത് വിധേയനയും തടയുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എസ്റ്റെവെസിന്റെ വാക്കുകള്‍ മത്സരത്തിന് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ മെസി അതിജീവിക്കുമോ എന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്.
എന്നാല്‍ എതിര്‍ ടീം പരിശീലകന്റെ വാക്കുകള്‍ക്ക് മികച്ച രീതിയില്‍ തന്നെ മറുപടി നല്‍കാന്‍ മെസിക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോള്‍ ഡല്ലാസിന്റെ വലയിലെത്തിച്ച് കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
ഡല്ലാസിനെതിരെ മയാമി തൊടുത്ത നാല് ഗോളുകളിലും മെസിയുടെ കാലുകളുണ്ടായിരുന്നു. മയാമി നേടിയ രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കിയത് മെസി ആയിരുന്നു. മൂന്നാം ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ. ഒരു കിടിലന്‍ ഫ്രീ കിക്കിലൂടെ നാലാം ഗോള്‍ മെസി നേരിട്ട് വലയിലെത്തിച്ചു. ലയണല്‍ മെസി എഫ്.സി ഡല്ലാസിന്റെ വില്ലനാകുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കാണാനായത്.
എതിര്‍ ടീമിന് വാക്കുകളിലൂടെ നല്‍കുന്നതിനെക്കാള്‍ മികച്ച മറുപടി കളത്തിലെ പ്രകടനത്തിലൂടെ മെസി നല്‍കിയെന്നും ഗോട്ടിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും മത്സരത്തിന് പിന്നാലെ ആരാധകരുടെ ട്വീറ്റുകളുണ്ട്.