യു.എസ് ഓപ്പണ്‍ കപ്പില്‍ ലയണല്‍ മെസിക്ക് ഇന്റര്‍ മയാമിക്കായി കളിക്കാന്‍ സാധിച്ചില്ലെങ്കിലും താരം സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയിരുന്നു. മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് തെറ്റുപറ്റിയപ്പോള്‍ സ്‌റ്റേഡിയത്തിലിരുന്ന് തലയില്‍ കൈവെക്കുന്ന മെസിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചുകൊണ്ടാണ് ഡൈനാമോ കിരീടം ഉയര്‍ത്തിയത്. മത്സരത്തില്‍ മെസി ഇറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി മയാമി പരിശീലകന്‍ മാര്‍ട്ടിനോ രംഗത്തെത്തിയിരുന്നു. പരിക്ക് മൂലം മെസി ഫൈനലില്‍ ഇറങ്ങാന്‍ ഫിറ്റ് ആയിരുന്നില്ലെന്നാണ് മാര്‍ട്ടിനോ പറഞ്ഞത്.
ഇന്റര്‍നാഷണല്‍ ബ്രേക്ക് വന്നത് മുതല്‍ മെസി ഫിറ്റ്‌നസിന്റെ പിടിയിലായിരുന്നു. സെപ്റ്റംബര്‍ 20ന് ടൊറന്റോ എഫ്.സി.ക്കെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ടൊറന്റോയ്ക്കെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ താരം പരിക്ക് പറ്റി പുറത്ത് പോയിരുന്നു. അതിനാല്‍ താരത്തിന് ഫൈനലില്‍ ടീമിന്റെ ബെഞ്ചില്‍ പോലും ഇരിക്കാനുള്ള ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല.
സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഈ സീസണില്‍ ടീമിനൊപ്പം ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.
ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് സിറ്റിയുമായാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം അതിനിര്‍ണായകമാണ് ഇന്റര്‍ മയാമിക്ക്.
Content Highlights: Messi’s reaction to his teammates mistakes