മയാമിയില്‍ സിംഹരാജാവ് കളത്തിലിറങ്ങി; വൈറലായി വീഡിയോ
Sports News
മയാമിയില്‍ സിംഹരാജാവ് കളത്തിലിറങ്ങി; വൈറലായി വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 11:49 am

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ മറ്റൊരു ട്രാന്‍സ്ഫറായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസിയുടെത്. യൂറോപ്പില്‍ നിന്നും കിരീടങ്ങള്‍ വാരിക്കൂട്ടിയ മെസി അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കറിലേക്കാണ് ചുവടുമാറ്റിയത്. ഇതോടെ സൗദി പ്രോ ലീഗിന് ശേഷം എം.എല്‍.എസ്സും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് മയാമി മെസിയെ അവതരിപ്പിച്ചത്. തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്.

ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം ട്രെയ്‌നിങ് സെഷനില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മെസിക്ക് പുറമെ ബാഴ്‌സയിലെ തന്റെ സഹതാരമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ഇന്റര്‍ മയാമിയിലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പം പ്രാക്ടീസ് സെഷനില്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

മേജര്‍ ലീഗ് സോക്കര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മെസിയുടെയും സഹതാരങ്ങളുടെയും പ്രാക്ടീസ് വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ വീഡിയോ ഇരുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെയുള്ള മെസിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താന്‍ ഇവിടെയെത്തിയത് വിജയിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും വേണ്ടിയാണെന്നാണ് മെസി പറഞ്ഞത്. ലിയോയുടെ വാക്കുകളെ ഉദ്ധരിച്ച് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇവിടെയെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ഇവര്‍ക്കൊപ്പം ട്രെയ്നിങ്ങിനും കളത്തിലിറങ്ങാനും ഇനിയെനിക്ക് കാത്തിരിക്കാന്‍ സാധിക്കില്ല. മത്സരിക്കാനും ജയിക്കാനും എപ്പോഴത്തേയുമെന്ന പോലെ ടീമിനെ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ഏറെ ആസ്വദിക്കും,’ മെസി പറഞ്ഞു.

ചടങ്ങില്‍ തന്നെ പിന്തുണച്ച ആരാധകരോടുള്ള നന്ദിയും മെസി അറിയിച്ചു.

‘മിയാമിയില്‍ കളിക്കാന്‍ ഞാന്‍ എറെ ആവേശത്തിലാണ്. നിങ്ങളെനിക്ക് തന്നെ സ്നേഹത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് വളരെ പെട്ടെന്നാണ് സംഭവിച്ചത്,’ മെസി പറഞ്ഞു.

ജൂലൈ 21നാണ് മെസി എം.എല്‍.എസ്സിലെ തന്റെ ആദ്യ മത്സരം കളിക്കുക. 2023 ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ടീമായ ക്രൂസ് ഏയ്‌സല്‍ (Cruz Azul) ആണ് മയാമിയുടെ എതിരാളികള്‍. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയമാണ് വേദി.

 

 

Content highlight: Messi’s Practice video in Inter Miami goes viral