ഡി പോളിന് ആശ്വസിക്കാം, മെസിക്ക് പുതിയ ബോഡി ഗാര്‍ഡ്; MMA ഫൈറ്റര്‍, യു.എസ് പട്ടാളക്കാരന്‍ ഇവന്‍ പുലിയാണ്
Sports News
ഡി പോളിന് ആശ്വസിക്കാം, മെസിക്ക് പുതിയ ബോഡി ഗാര്‍ഡ്; MMA ഫൈറ്റര്‍, യു.എസ് പട്ടാളക്കാരന്‍ ഇവന്‍ പുലിയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th August 2023, 11:59 am

 

മെസിയെ തൊട്ടാല്‍ കലിപ്പാകുന്ന റോഡ്രിഗോ ഡി പോളിന് ഇനി അല്‍പം ആശ്വസിക്കാം, കാരണം ഇന്റര്‍ മയാമിയില്‍ മെസി സുരക്ഷിതനാണ്. മെസിക്കായി ടീം നിയമിച്ച പേഴ്‌സണല്‍ ബോഡി ഗാര്‍ഡിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമാകുന്നത്. എപ്പോഴും മെസിയുടെ നിഴല്‍ പോലെ ഈ മനുഷ്യന്‍ കൂടെ നില്‍ക്കുകയാണ്.

യാസിന്‍ ച്യൂക്കോ, അതാണ് അവന്റെ പേര്. ആള്‍ ചില്ലറക്കാരനല്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച മുന്‍ അമേരിക്കന്‍ പട്ടാളക്കാരനാണ്. ഡേവിഡ് ബെക്കാം തന്നെ നേരിട്ടാണ് ച്യൂക്കോയെ നിയമിച്ചത്.

ഇനി അനാവശ്യമായി മെസിയെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ കുറച്ചധികം പേടിക്കണം. എം.എം.എ ബാക്ക്ഗ്രൗണ്ടുള്ള ച്യൂക്കോ തൈക്വാന്‍ഡോ എക്‌സ്‌പേര്‍ട്ടാണ്. കൂടാതെ അറിയപ്പെടുന്ന ഒരു ബോക്‌സറുമായിരുന്നു. ലയണല്‍ മെസിയുടെ സൂപ്പര്‍ സ്റ്റാര്‍ഡത്തിന് സാധാരണ ലെവല്‍ സെക്യൂരിറ്റി മതിയാകില്ല, ഹൈ ലെവല്‍ സെക്യൂരിറ്റി തന്നെ ഉറപ്പാക്കണമെന്ന മയാമിയുടെ നിര്‍ബന്ധമാണ് ച്യൂക്കോയെ നിയമിക്കാന്‍ കാരണമായത്.

കളിക്കിടെ ഗ്രൗണ്ടില്‍ കയറാന്‍ സാധിക്കില്ലെങ്കിലും ച്യൂക്കോയുടെ കണ്ണുകള്‍ അവിടെയുമെത്തുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. ഓണ്‍ ഫീല്‍ഡിലെ ഗോള്‍ സെലിബ്രേഷനില്‍ പോലും മെസിയുടെ നിഴലില്‍ ച്യൂക്കോ ഉണ്ടായിരുന്നു.

സിന്‍സിനാട്ടിക്കെതിരായ യു.എസ്. ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഈക്വലൈസര്‍ ഗോള്‍ നേടിയപ്പോള്‍ മയാമി താരങ്ങള്‍ ഒന്നിച്ച് ഗോള്‍ നേട്ടം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇവരേക്കാളേറെ ആരാധകരെ അതിശയിപ്പിച്ചത് ഈ സമയത്ത് സൈഡ് ലൈനിന് സമീപത്തേക്ക് ഓടിയെത്തിയ ച്യൂക്കോയാണ്.

ഇനി മെസിയെ കാണാനോ കെട്ടിപ്പിടിക്കാനോ പിച്ചിലേക്ക് ഓടിയെത്തുന്ന ആരാധകരോ പിച്ച് ഇന്‍വേഡേര്‍സോ പലകുറി ആലോചിക്കുമെന്നുറപ്പാണ്.

മെസിക്ക് സുരക്ഷയുറപ്പാക്കണമെന്ന് ഉറച്ച തീരുമാനമാണ് ച്യൂക്കോക്ക് ഉള്ളതെന്ന് പലപ്പോഴും തോന്നിപ്പോകും. ടീം ബസിന് പുറത്ത് കാത്തുനില്‍ക്കുന്ന ച്യൂക്കോ എപ്പോഴും ആരാധകര്‍ക്കുള്ള കാഴ്ച തന്നെയായിരുന്നു.

ടീം ബസില്‍ നിന്നും ഓരോരുത്തരായി പുറത്തിറങ്ങുമ്പോള്‍ കാത്തുനില്‍ക്കുകയും മെസി പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തോടൊപ്പം ലോക്കര്‍ റൂം വരെ അനുഗമിക്കുകയും ചെയ്യുന്നത് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്.

അതേസമയം, മെസിയുടെ എം.എല്‍.എസ്സിലെ താരത്തിന്റെ അരങ്ങേറ്റ മത്സരം അടുത്തുവരികയാണ്. ഓഗസ്റ്റ് 27നാണ് മെസി എം.എല്‍.എസ്സില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. എന്‍.വൈ റെഡ് ബുള്‍സാണ് എതിരാളികള്‍. ന്യൂയോര്‍ക്കിലെ റെഡ് ബുള്‍ അരീനയാണ് വേദി.

 

Content highlight: Messi’s personal body guard in Inter Miami