കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മെസിയെ മാര്‍ക്ക് ചെയ്യുന്ന എതിര്‍ കളിക്കാരും അവരുടെ ഫൗളിലും ഡിഫന്‍ഡിങ്ങിലും വീണുപോകുന്ന മെസിയും ഒരു സ്ഥിരം കാഴ്ചയാണ്. പക്ഷെ അന്നും ഇന്നും മെസിയുടെ കാലില്‍ നിന്നും ആ പന്തൊന്ന് തട്ടിയെടുക്കാന്‍ എതിര്‍ ടീമിന് പെടാപ്പാട് പെടേണ്ടി വരാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന നൈസുമായുള്ള പി.എസ്.ജിയുടെ മത്സരത്തിലും ഇതുതന്നെയായിരുന്നു കാഴ്ച. പന്തുമായി കുതിച്ചുനീങ്ങിയ മെസിയെ ഒ.ജി.സി നൈസ് താരം തടയാന്‍ ശ്രമിച്ചു. മെസി മറിഞ്ഞുവീഴുകയും ചെയ്തു.
എന്നാല്‍ വീണതിന് ശേഷവും മെസി പന്തിന് മേലുള്ള കണ്‍ട്രോള്‍ കൈവിട്ടില്ല. വീഴുന്ന സമയത്ത് പോലും പന്തില്‍ നിന്നും നോട്ടം ഒരു നിമിഷത്തേക്ക് പോലും പാളാതെ കാത്ത ലിയോ, അത് കൃത്യമായി ബോക്‌സിനകത്ത് നിന്ന് പി.എസ്.ജി താരത്തിന് പാസ് ചെയ്യുകയും ചെയ്തു.
ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മുപ്പത്തിയഞ്ചിലും മെസിയുടെ കാല്‍ കരുത്തും ഏകാഗ്രതയും എങ്ങും പോയ്മറഞ്ഞിട്ടില്ലെന്ന ക്യാപ്ഷനുകളോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
നേരത്തെ മത്സരത്തില്‍ മെസി നേടിയ ഫ്രീകിക്ക് ഗോള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
കളി തുടങ്ങി 28ാം മിനിറ്റിലായിരുന്നു മെസിയുടെ കാലില്‍ നിന്നും അതിശയഗോള്‍ പിറന്നത്. ഡമ്മിയായി നെയ്മര്‍ മുന്നിലൂടെ ഒന്ന് ഓടിപ്പോയ ശേഷമായിരുന്നു മെസിയുടെ കാലുകള്‍ പന്തിനെ തേടിയെത്തിയത്.
അളന്നുകുറിച്ചെത്തുന്ന ഷോട്ടുകള്‍കൊണ്ട് എപ്പോഴും അത്ഭുതം തീര്‍ക്കുന്ന മെസി ഇത്തവണയും അതാവര്‍ത്തിച്ചു. ഒന്ന് ഉയര്‍ന്നുപൊങ്ങിയ പന്ത് കൃത്യമായി വലക്കുള്ളിലേക്ക് കയറി വിശ്രമിച്ചു. ഗ്രൗണ്ടിലും ഗാലറിയിലും ഒരുപോലെ ആവേശം അലതല്ലി.
ഇതോടെ 12 മാച്ചുകളില്‍ നിന്നായി ഏഴ് ഗോള്‍ വലയിലാക്കി ഈ സീസണില്‍ മിന്നും പ്രകടനമാണ് അര്‍ജന്റൈന്‍ മിശിഹ നടത്തുന്നത്.
പി.എസ്.ജിയിലെത്തിയ സമയത്ത് മെസി ഫോമിലേക്കെത്താന്‍ സമയമെടുത്തപ്പോള്‍ കളിയാക്കലുകളും അധിക്ഷേപങ്ങളുമായി എത്തിയവര്‍ക്കെല്ലാമുള്ള മറുപടിയാണ് മെസിയുടെ ഓരോ ഗോളുമെന്നാണ് ആരാധകര്‍ പറയുന്നത്.
2022ലെ ബാലണ്‍ ഡി ഓറിനുള്ള മുപ്പത് പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനാകാത്തത് മെസിക്ക് ഗുണമായിരിക്കുകയാണെന്നും ഇവര്‍ പറയുന്നുണ്ട്. തന്നെ സ്വയം ഉടച്ചുവാര്‍ത്ത് എട്ടാം ബാലണ്‍ ഡി ഓറിന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മെസിയെന്നും ഇവര്‍ പറയുന്നു.