ഫെബ്രുവരി 15ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ലോകമെമ്പാടുമുള്ള പി.എസ്.ജി, മെസി ആരാധകരെ നിരാശയിലാഴ്ത്തുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
മെസിക്ക് ഹാംസ്ട്രിങ് ഇഞ്ചുറി(തുടയിലെ മസിലുകൾക്ക് ഏൽക്കുന്ന പരിക്ക്)യാണെന്നും മൊണോക്കോക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിച്ചേക്കില്ലെന്നുമുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 15ന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെതിരെ മത്സരമുള്ള പി.എസ്.ജിക്ക് ഒട്ടും ആശ്വാസകരമല്ല ഈ വാർത്തകൾ. ക്ലബ്ബിന്റെ മറ്റൊരു സൂപ്പർ താരമായ എംബാപ്പെയും പരിക്ക് മൂലം വിശ്രമത്തിലാണ്.
മെസിയുടെ പരിക്ക് ഗുരുതരമാണെന്ന തരത്തിലുള്ള മറ്റു റിപ്പോർട്ടുകളോന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പക്ഷെ ഹാംസ്ട്രിങ് ഇഞ്ചുറിയുടെ സ്വഭാവം അനുസരിച്ച് ബാധിക്കുന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ തന്നെയാണ് സാധ്യത കൂടുതലുള്ളത്.
എന്നാൽ മെസിയും എംബാപ്പെയും ടീമിന്റെ മികച്ച താരങ്ങളാണെന്നും അവരുടെ പരിക്കിനെ ഗൗരവകരമായി കാണുന്നുവെന്നും കോച്ച് ക്രിസ്റ്റഫെ ഗാൽട്ടിയർ പ്രസ്താവിച്ചിരുന്നു.
‘മെസി ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്. തീർച്ചയായും പ്ലെയേഴ്സിന്റെ അഭാവം മത്സരങ്ങളിൽ ഞങ്ങൾക്ക് തിരിച്ചടിയാവും. അത് മെസിയുടെ കാര്യത്തിൽ മാത്രമല്ല, എംബാപ്പെ, റാമോസ് മുതലായ താരങ്ങളുടെ കാര്യത്തിലെല്ലാം ഇത് ബാധകമാണ്. ഇനി വരാനുള്ള കളിയിൽ ഇവരുടെയെല്ലാംതന്നെ ആരോഗ്യം ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ പരിക്കിനെ ക്ലബ്ബ് ഗൗരവകരമായി തന്നെയാണ് നോക്കിക്കാണുന്നത്,’ ഗാൽട്ടിയർ പറഞ്ഞു.