മെസിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിച്ചിരുന്നു, അത് നടക്കാതിരിക്കാന്‍ കാരണം... തുറന്നുപറഞ്ഞ് ഏജന്റ്
Sports News
മെസിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിച്ചിരുന്നു, അത് നടക്കാതിരിക്കാന്‍ കാരണം... തുറന്നുപറഞ്ഞ് ഏജന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 11:44 am

ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും ഐതിഹാസികമായ റൈവല്‍റിയില്‍ എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. സ്‌പെയ്‌നിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകളിലായി ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ പരസ്പരമേറ്റുമുട്ടുന്നു എന്നതിനാല്‍ തന്നെ ലോകമെമ്പാടും എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ ചര്‍ച്ചയായിരുന്നു.

കറ്റാലന്‍മാരുടെ പടനായകനായ ലയണല്‍ മെസിയും ലോസ് ബ്ലാങ്കോസിന്റെ വെള്ളക്കുപ്പായക്കാരെ മുമ്പില്‍ നിന്നും നയിക്കാന്‍ ക്രിസ്റ്റ്യാനോയുമെത്തുമ്പോള്‍ സ്‌റ്റേഡിയമൊന്നാകെ കോരിത്തരിച്ചിരുന്നു. റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച എതിരാളിയായിരുന്നു മെസിയെന്ന് നിസ്സംശയം പറയാനും സാധിക്കും.

എന്നാല്‍ റയല്‍ മാഡ്രിഡ് മെസിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പറയുകയാണ് ലയണല്‍ മെസിയുടെ മുന്‍ ഏജന്റായ ഹൊറാസിയോ ഗഗ്ഗിയോലി. കൗമാര താരമായിരിക്കെ മെസിയെ സ്വന്തമാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ക്യാമ്പ് നൗ വിടാന്‍ താത്പര്യമില്ലാതിരുന്ന മെസി റയലിന്റെ ഓഫര്‍ നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാഡ്രിഡ് യൂണിവേഴ്‌സലാണ് ഗഗ്ഗിയോലിയുടെ വാക്കുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മെസിക്ക് പതിനാറോ പതിനേഴോ വയസുള്ളപ്പോള്‍ അവനെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിച്ചിരുന്നു. എന്നാല്‍ അവന് ബാഴ്‌സലോണ വിടാന്‍ ഒരു താത്പര്യവുമുണ്ടായിരുന്നില്ല,’ ഗഗ്ഗിയോലി പറഞ്ഞു.

ലാ മാസിയയില്‍ നിന്നും കളിയടവ് പഠിച്ച് ബാഴ്‌സയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി മാറിയാണ് മെസി ചരിത്രം സൃഷ്ടിച്ചത്. കറ്റാലന്‍മാര്‍ക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത കിരീടങ്ങളും ഗോളുകളും റെക്കോഡുകളും നേടിയാണ് ലിയോ ചരിത്രം സൃഷ്ടിച്ചത്.

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് മെസി തന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. കറ്റാലന്‍മാര്‍ക്കായി ബൂട്ടുകെട്ടിയ 778 മത്സരത്തില്‍ നിന്നും 672 തവണയാണ് താരം എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്. രണ്ടാമതുള്ള സ്പാനിഷ് സൂപ്പര്‍ താരം സീസര്‍ റോഡ്രിഡസ് 226 ഗോളുകളാണ് നേടിയത്.

ബാഴ്‌സലോണക്കൊപ്പം നാല് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ മെസി പത്ത് ലാ ലിഗ കിരീടങ്ങളും മൂന്ന് തവണ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും സ്വന്തമാക്കി.

മൂന്ന് തവണ യുവേഫ സൂപ്പര്‍ കപ്പും ഏഴ് തവണ കോപ്പ ഡെല്‍ റേയും ക്യാമ്പ് നൗവിലെത്തിച്ച മെസി എട്ട് തവണ സ്പാനിഷ് സൂപ്പര്‍ കപ്പും കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തിച്ചു.

നിരവധി വ്യക്തിഗത നേട്ടങ്ങളും മെസി ബാഴ്‌സക്കൊപ്പം സ്വന്തമാക്കി. ആറ് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരം മൂന്ന് തവണ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും രണ്ട് തവണ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും സ്വന്തമാക്കി. ആകെ സ്വന്തമാക്കിയ എട്ട് ബാലണ്‍ ഡി ഓറില്‍ ആറും ബാഴ്‌സ താരമായിരിക്കവെയാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് സ്വന്തമാക്കിയത്.

 

Content Highlight: Messi’s former agent says Real Madrid tried to sign him