യൂറോപ്പില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് കളിത്തട്ടകം മാറ്റിയ മെസി ഓരോ മത്സരത്തിലും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുകയാണ്. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ജയം കാത്തിരുന്ന ഇന്റര്‍ മയാമിക്ക് ഇപ്പോള്‍ വിജയം ശീലമായിരിക്കുകയാണ്.
മെസി ടീമിന്റെ ഭാഗമായതിന് പിന്നാലെ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ചാണ് ഇന്റര്‍ മയാമി കുതിക്കുന്നത്. ഈ മത്സരങ്ങളിലെല്ലാം മെസി സ്‌കോര്‍ ചെയ്യുകയും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.
മെസിയുടെ വരവിന് പിന്നാലെയുള്ള ആദ്യ കിരീടമാണ് ഇന്റര്‍ മയാമി ലക്ഷ്യം വെക്കുന്നത്. ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഇനി മെസിക്കും സംഘത്തിനും മുമ്പിലുള്ളത്.
മെസി ടീമിന്റെ ഭാഗമായത് മുതല്‍ എന്ന് മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളും ലീഗ്‌സ് കപ്പിലായതിനാല്‍ എം.എല്‍.എസില്‍ മെസിക്ക് ഇനിയും അരങ്ങേറാന്‍ സാധിച്ചിട്ടില്ല.
ഓഗസ്റ്റ് 20ന് മെസി മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഷാര്‍ലെറ്റിനെതിരായ മത്സരം മാറ്റിവെച്ചതിനാല്‍ മെസിയുടെ എം.എല്‍.എസ് അരങ്ങേറ്റ മത്സരം ഇനിയും നീളും.
ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഇരുടീമും യോഗ്യത നേടിയതിന് പിന്നാലെയാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്. ആഗസ്റ്റ് 12ന് നടക്കുന്ന മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടും.
ഇതില്‍ വിജയിക്കുന്ന ടീം മുമ്പോട്ട് കുതിക്കുകയും സെമിയില്‍ പ്രവേശിക്കുകയും ചെയ്യും എന്നതിനാല്‍ മത്സരം മാറ്റിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 27നാകും മെസി എം.എല്‍.എസില്‍ അരങ്ങേറ്റം കുറിക്കുക. പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള ന്യൂ യോര്‍ക് റെഡ്ബുള്‍സാണ് എതിരാളികള്‍. ലീഗ്‌സ് കപ്പിലെ ജൈത്രയാത്ര എം.എല്‍.എസ്സിലും ആവര്‍ത്തിക്കാന്‍ വേണ്ടിയാകും പോയിന്റ് പട്ടികയിലെ അവസാനക്കാരായ മയാമി ശ്രമിക്കുക.
അതേസമയം, മറ്റൊരു നോക്ക് ഔട്ട് മത്സരവും മെസിക്കും ഇന്റര്‍ മയാമിക്കും മുമ്പിലുണ്ട്. ഓഗസ്റ്റ് 24ന് യു.എസ്.ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ സിന്‍സിനാറ്റിയെയാണ് ഹെറോണ്‍സിന് നേരിടാനുള്ളത്.
എം.എല്‍.എസ് ടേബിള്‍ ടോപ്പേഴ്‌സായ സിന്‍സിനാറ്റിക്കെതിരെ നടക്കുന്ന മത്സരം മെസിക്ക് മുമ്പില്‍ വലിയ കടമ്പയാകുമെന്നുറപ്പാണ്. സിന്‍സിനാറ്റിയുടെ ഹോം ഗ്രൗണ്ടായ ഓഹായോയിലെ ടി.ക്യൂ.എല്‍ സ്‌റ്റേഡിയമാണ് വേദി.
Content highlight: Messi’s debut match in MLS