| Saturday, 24th December 2022, 3:03 pm

ഫൈനലില്‍ മെസിയുടേത് ഗോള്‍ അല്ലെങ്കില്‍ എംബാപ്പെയുടേത് ഗോളാണോ? എംബാപ്പെയുടെ വീഡിയോ കാണിച്ച് തെളിവുമായി ലോകകപ്പ് റഫറി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളില്‍ ഒന്നായിരുന്നു ഖത്തറില്‍ നടന്നത്. അടിയും തിരിച്ചടിയുമായി കൊണ്ടും കൊടുത്തും ഫ്രാന്‍സും അര്‍ജന്‍രീനയും മുന്നേറിയപ്പോള്‍ നിശ്ചിത സമയത്തിനും അധിക സമയത്തിനും ഇവരെ തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമായിരുന്നു നേടിയത്. അര്‍ജന്റീനക്കായി മെസി പെനാല്‍ട്ടിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡി മരിയ രണ്ടാം ഗോളും നേടി. മത്സരത്തിന്റെ 80ാം മിനിട്ട് വരെ പിന്നിട്ട് നിന്ന ശേഷം എംബാപ്പെയുടെ ഇരട്ട ഗോളായിരുന്നു ഫ്രാന്‍സിന് തുണയായത്.

എക്‌സ്ട്രാ ടൈമില്‍ മെസി വീണ്ടും ഗോള്‍ നേടിയപ്പോള്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഹാട്രിക് നേടിയ എംബാപ്പെ വീണ്ടും ഫ്രാന്‍സിന്റെ രക്ഷകനായി. ഇതോടെയായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും അര്‍ജന്റീന മത്സരം വിജയിച്ചതും.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ മെസി നേടിയ ഗോള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി വലയിലെത്തിക്കുകയായിരുന്നു. താരം ഓഫ്‌സൈഡ് ആണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു.

എന്നാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നായിരുന്നു ആവശ്യമുയര്‍ന്നത്. അര്‍ജന്റീന നായകന്‍ ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഗോള്‍ നേടുമ്പോള്‍ മൈതാനത്ത് അധികമായി ഏതെങ്കിലും താരം ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നുള്ള ഫിഫയുടെ നിയമമാണ് ആ ഗോള്‍ അനുവദിക്കരുതെന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ ഈ വിഷയത്തിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു.

എന്നാലിപ്പോള്‍, ഇപ്പോള്‍ മത്സരം നിയന്ത്രിച്ച റഫറി ഷിമന്‍ മാര്‍സിനിയാക്ക് തന്നെ ഈ വിഷയത്തില്‍ മറുപടി പറഞ്ഞിരിക്കുകയാണ്. മെസിയുടെ ഗോളിനെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നതോടെ തന്റെ ഫോണില്‍ മാര്‍സിനിയാക്, എംബാപ്പെ നേടിയ ഗോളിന്റെ വീഡിയോ കാണിക്കുകയായിരുന്നു.

എംബാപ്പെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുമ്പോഴുള്ള വീഡിയോ ആയിരുന്നു അദ്ദേഹം കാണിച്ചത്.

എംബാപ്പെ ആ ഗോള്‍ നേടുമ്പോള്‍ ഏഴ് ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തുണ്ടെന്ന് കാണാന്‍ കഴിയുമെന്നും എന്തുകൊണ്ട് ഇക്കാര്യം ഫ്രഞ്ചുകാര്‍ പരിഗണിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായിഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ഇതിനായി ‘മെസ്ഒപ്പീനിയന്‍സ്’ (mesopinions) എന്ന വെബ്‌സൈറ്റിലൂടെ ഏകദേശം രണ്ട് ലക്ഷം പേര്‍ ഒപ്പിട്ടപെറ്റീഷനാണ് ഫിഫക്ക് മുമ്പില്‍ എത്തിയിരിക്കുന്നകത്.

മത്സരത്തില്‍ ഗോളുകള്‍ അനുവദിക്കപ്പെട്ടതില്‍ അനാസ്ഥയുണ്ടായെന്ന കാരണം നിരത്തിയാണ് ഫൈനല്‍ മത്സരം രണ്ടാമത് നടത്തണമെന്ന് ഫ്രഞ്ച് ആരാധകര്‍ ആവശ്യപ്പെട്ടത്.

മത്സരത്തിലെ ഡി മരിയ സ്‌കോര്‍ ചെയ്ത രണ്ടാം ഗോളിന് മുമ്പ് ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പെ ഫൗള്‍ ചെയ്യപ്പെട്ടിരുന്നെന്നും അത് കൊണ്ട് ആ ഗോള്‍ അനുവദിച്ചു കൊടുക്കരുതെന്നുമാണ് ഫ്രഞ്ച് ആരാധകര്‍ മത്സരം വീണ്ടും നടത്താനായി ഉന്നയിക്കുന്ന പ്രധാന വാദം.

Content Highlight:  Messi’s 2nd goal in Final, World Cup referee in favor of Argentina

We use cookies to give you the best possible experience. Learn more