ഫിഫ ഫുട്‌ബോളര്‍: അന്തിമപട്ടികയില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും ഇനിയേസ്റ്റയും
DSport
ഫിഫ ഫുട്‌ബോളര്‍: അന്തിമപട്ടികയില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും ഇനിയേസ്റ്റയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2012, 10:55 am

സൂറിച്ച്: ഫിഫ ഫുട്‌ബോളര്‍ ഓഫ് ദി ഇയറിനെ തിരഞ്ഞെടുക്കാനുള്ള അന്തിമപട്ടിക തയ്യാറായി. ബാഴ്‌സലോണയുടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിയും സ്പാനിഷ് താരം ആന്ദ്രെ ഇനിയേസ്റ്റയും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചു.[]

ഇത്തവണ മെസ്സിക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും ക്രിസ്റ്റ്യാനോയുടേയും ഇനിയേസ്റ്റയുടേയും സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍

ജനവരി ഏഴിനാണ് ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷവും ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയെ ആയിരുന്നു.

സ്‌പെയിനിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ മികവാണ് ആന്ദ്രെ ഇനിയേസ്റ്റയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്. അന്തിമപട്ടികയിലെത്തിയ താരങ്ങളില്‍ ലോകകപ്പും യൂറോ കപ്പും നേടിയ ഒരേയൊരു താരം ഇനിയേസ്റ്റ മാത്രമാണ്.

2008ലെ ലോകതാരമായ ക്രിസ്റ്റ്യാനോ കഴിഞ്ഞ രണ്ട് സീസണായി അന്തിമപട്ടികയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ സ്പാനിഷ് ചാമ്പ്യന്മാരാക്കിയ മികവിലാണ് ക്രിസ്റ്റ്യാനോ ഇക്കുറി അവസാന മൂന്ന് പേരില്‍ ഇടം നേടിയത്.

2012ല്‍ 82 ഗോളുകള്‍ നേടിക്കഴിഞ്ഞ മെസ്സി, ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡിനൊപ്പമെത്താന്‍ മൂന്ന് ഗോള്‍ മാത്രം പിന്നിലാണ്. ഇത്തവണയും ലോകതാരമായി മെസിയെ തിരഞ്ഞെടുക്കപ്പെട്ടാല്‍, തുടര്‍ച്ചയായി നാല് തവണ ഇത് നേടുന്ന ഒരേയൊരു താരമായി മെസ്സി മാറും.