റിയാദിലെ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൗദി ഓൾ സ്റ്റാർസും പി.എസ്.ജിയും തമ്മിലുള്ള മത്സരം വളരെ മികച്ച രീതിയിലാണ് സൗദി അറേബ്യൻ സർക്കാർ സംഘടിപ്പിച്ചത്.
60,000ത്തോളം കാണികൾ എത്തിയ മത്സരത്തിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നസർ ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെട്ട സൗദി ഓൾ സ്റ്റാർസിനെതിരെ കഷ്ടിച്ചാണ് മെസി, എംബാപ്പെ, നെയ്മർ, സെർജിയോ റാമോസ് എന്നിവരടങ്ങിയ പി.എസ്.ജി നിര രക്ഷപ്പെട്ടത്.
5-4 എന്ന സ്കോറിനായിരുന്നു പി.എസ്.ജിയുടെ വിജയം. എന്നാൽ മത്സരത്തിന് സമാപനം കുറിച്ച് വിപുലമായ ചടങ്ങുകളായിരുന്നു സൗദി അധികൃതർ സംഘടിപ്പിച്ചത്. ഖത്തർ ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം നടത്തപ്പെട്ട സമാപന ചടങ്ങുകളിലാണ് പി. എസ്.ജി വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയത്.
എന്നാൽ ഈ മത്സരം സൗദി സംഘടിപ്പിച്ചത് 2030 ഫുട്ബോൾ ലോകകപ്പിന്റെ ആഥിതേയത്വം നേടിയെടുക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ വലിയ ടൂർണമെന്റുകൾ സംഘടിപ്പിക്കാനുള്ള ശേഷി ലോകത്തിന് മുമ്പിൽ പ്രകടിപ്പിക്കാനുള്ള കഴിവിന്റെ ഒരു സാമ്പിളായാണ് സൗദി പി. എസ്.ജി-സൗദി ഓൾ സ്റ്റാർസ് മത്സരം സംഘടിപ്പിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സൗദിക്ക് ലോകകപ്പ് വേദി നേടിയെടുക്കാനുള്ള താൽപര്യമുണ്ടെന്ന തരത്തിൽ എൻ.ഡി.ടി.വിയോട് സൗദി ഹെഡ് ഓഫ് ദി എന്റർടൈൻമെന്റ് ജെനറൽ തുർക്കി അൽ ഷെയ്ഖ് സംസാരിച്ചിരുന്നു.
“ഇതൊരു വലിയ മത്സരമാണെന്നത് ശരിതന്നെ പക്ഷെ ഞങ്ങളുടെ വിഷൻ 2030 പദ്ധതികളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇതൊക്കെ വളരെ ചെറിയ കാര്യമാണ്. ഞങ്ങളുടെ നേതാവ്(സൗദി കിരീടാവകാശി) സൗദിക്ക് ചെയ്യാനാവുന്നത് എന്തൊക്കെയെന്ന് കാട്ടി ലോകത്തെ വിസ്മയിപ്പിക്കാൻ തയാറെടുക്കുകയാണ്.
ഞങ്ങൾ അതിന് അവസരങ്ങൾ നോക്കിയിരിക്കുകയാണ്,’ തുർക്കി അൽ ഷെയ്ഖ് പറഞ്ഞു.
ഈജിപ്തിനും ഗ്രീസിനുമൊപ്പം ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് 2030ൽ വേദിയാകാനുള്ള ബിഡ് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.
കൂടാതെ എണ്ണയിൽ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസത്തിലും സ്പോർട്സിലും വൻ നിക്ഷേപങ്ങൾ നടത്താൻ സൗദി തീരുമാനിച്ചതായും രാജ്യത്തെ സ്വകാര്യ കമ്പനികളോട് ഇക്കാര്യം ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കൂടാതെ സൗദി ഫുട്ബോളിൾ ലീഗിനെ ലോകത്തെ മികച്ച ലീഗുകളിൽ ഒന്നാക്കി മാറ്റാനും സമ്മർ ഒളിമ്പിക്സ്, LIV ഗോൾഫ് ടൂർ മുതലായവ രാജ്യത്ത് സംഘടിപ്പിക്കാനും സൗദിക്ക് താൽപര്യമുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കായിക മേഖലയിൽ കൂടുതൽ ഇവന്റുകൾ സംഘടിപ്പിക്കാൻ സാധിക്കുന്നതോടെ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കലാണ് സൗദിയുടെ ലക്ഷ്യം.
അതേസമയം സൗദി പ്രോ ലീഗിലെ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള റോണോയുടെ അൽ നസർ ജനുവരി 22ന് ഇത്തിഫാക്കുമായാണ് അടുത്തതായി മത്സരിക്കുന്നത്. കളിയിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Messi-Ronaldo fight is nothing for Saudi; their Goal 2030 World Cup; Report